താനൂര്‍: മുളയില്‍ കുത്തി പോള്‍ വോള്‍ട്ട്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി താനൂരുകാരൻ സുഹൈല്‍. പോള്‍ വോള്‍ട്ട് ഏറെ ഇഷ്ടപ്പെടുന്നയാളാണ് മലപ്പുറം താനൂര്‍ സ്വദേശിയായ മുഹമ്മദ് സുഹൈലെന്ന 20-കാരന്‍. കുടുംബത്തിന്റെ സാമ്ബത്തിക പരാധീനതകള്‍ കാരണം പത്താം ക്ലാസില്‍ പഠനം നില്‍ത്തി കടലില്‍ പോയി ഉപജീവനം കഴിക്കുന്ന സുഹൈലിന് പോള്‍ വോള്‍ട്ട് ശാസ്ത്രീയമായി പരിശീലിക്കാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാല്‍ മുളകൊണ്ട് നിര്‍മിച്ച പോള്‍ വോള്‍ട്ട് പിറ്റില്‍ പോളിന് പകരം മുള ഉപയോഗിച്ച് ചാടുന്ന സുഹൈലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജമ്ബേഴ്‌സ് വേള്‍ഡ് എന്ന പ്രമുഖ ഇന്‍സ്റ്റാഗ്രാം പേജില്‍ സുഹൈലിന്റെ വീഡിയോ ഇതിനോടകം തന്നെ 30 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
മലപ്പുറം ജില്ലയിലെ താനൂര്‍ ചാപ്പപ്പടി കടപ്പുറത്ത് മുളയില്‍ കുത്തി ചാടിയ സുഹൈലിന്റെ ചാട്ടമാണ് വൈറലായത്. മൂന്ന് മീറ്ററും 40 സെന്റീമീറ്ററുമാണ് ഈ ശ്രമത്തില്‍ സുഹൈല്‍ ചാടിയത്.
താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്തെ മത്സ്യ തൊഴിലാളിയായ തെക്കരകത്ത് ബഷീറിന്റെയും ഹബീബയുടെയും മകനാണ് സുഹൈല്‍.
സുഹൈല്‍ ചാടുന്ന വീഡിയോ സുഹൃത്ത് സജിനാദാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ മറ്റൊരാള്‍ ജമ്ബേഴ്‌സ് വേള്‍ഡ് എന്ന പ്രമുഖ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാകുകയായിരുന്നു. ഇന്ത്യയുടെ ഒളിമ്ബിക് ജേതാവ് നീരജ് ചോപ്രയടക്കം ഫോളോ ചെയ്യുന്ന പേജാണിത്. ഈ വീഡിയോയാണ് 30 ലക്ഷത്തിലേറെ പേര്‍ കണ്ടിരിക്കുന്നത്.
എസ്.എം.എം.എച്ച്.എസ്.എസ് രായിരമംഗലം സ്‌കൂളില്‍ പത്താം ക്ലാസ് വരെ പഠിച്ച സുഹൈല്‍ അക്കാലത്ത് മുളയുമായി പോള്‍ വോള്‍ട്ടില്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. പഠനം അവസാനിപ്പിച്ച ശേഷവും കടപ്പുറത്ത് മുളയില്‍ കുത്തി ചാട്ടം തുടര്‍ന്നു. പരിശീലകരില്ലാത്തതു കാരണവും സാമ്ബത്തിക ഭദ്രതയില്ലാത്തതു കാരണവും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. അഞ്ചു മീറ്ററിന് മുകളില്‍ ചാടണമെന്നാണ് സുഹൈലിന്റെ ആഗ്രഹം. അതിനായി നല്ലൊരു സ്‌പൈക്കും ഷൂസും വാങ്ങിക്കണമെന്നതും ആഗ്രഹമായി തുടരുന്നു...
