ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.
2014-ല്‍ എം.എസ് ധോനിയില്‍ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലി ഈ വര്‍ഷം വരെ 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 40 എണ്ണത്തില്‍ ടീം ജയിക്കുകയും ചെയ്തു. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം.
ഓസീസ് മണ്ണില്‍ രണ്ടു തവണ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ കോലിയായിരുന്നു ക്യാപ്റ്റന്‍. ഇതില്‍ ഏതാനും മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് അജിങ്ക്യ രഹാനെയായിരുന്നു. ഇംഗ്ലണ്ടിലും കോലിയുടെ നേതൃത്വത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനായിരുന്നു.
നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും കോലി ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും താരം വ്യക്തമാക്കി. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലുള്ള അതൃപ്തി കോലി പ്രകടിപ്പിച്ചത് ഇക്കാര്യത്തിലാണ്.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചിരിക്കുന്നത്.