ഫോട്ടോ: ചെറിയമുണ്ടം ഓവുങ്ങൽ അംഗനവാടിയിൽ നിർമ്മിച്ച സ്ത്രീ ശാക്തീകരണ കേന്ദ്രത്തിനുള്ള കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പത്ത് ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ചെറിയമുണ്ടം പഞ്ചായത്തിലെ ഓവുങ്ങൽ 86 ആം നമ്പർ അംഗനവാടിയിലെ സ്ത്രീശാക്തീകരണ കേന്ദ്രം "സൗഹൃദ കൊട്ടാരം" ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി അംഗനവാടിയുടെ മുകൾ നിലയിൽ കോൺക്രീറ്റ് കെട്ടിട നിർമ്മാണവും പെയിന്റിംഗ് നടത്തി, ആകർഷകമായ ചിത്രങ്ങൾ വരക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി നിർമ്മിച്ച ഹാളിൽ വനിതകൾക്കായി യോഗ ക്ലാസുകൾ, സ്ത്രീ സംരംഭകത്വ പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനായി വനിതാ സംഘങ്ങളുടെ രൂപീകരണവും നടത്തിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി പറഞ്ഞു.
പ്രദേശത്ത് അംഗനവാടി തുടങ്ങുന്നതിന് പരിശ്രമിച്ച വിടപറഞ്ഞ പൗരപ്രമുഖനായ കാദർ ബാവ സാഹിബിനെ ചടങ്ങിൽ അനുസ്മരിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ മൈമൂന യൂസഫ് കല്ലേരി അധ്യക്ഷതവഹിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. നാസർ ജനപ്രതിനിധികളായ പി.എച്ച്. കുഞ്ഞായിഷക്കുട്ടി, റജീന ലത്തീഫ്, എൻ.എ. നസീർ, ടി.എ. റഹീം മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ. റഫീഖ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ അശൂറബീവി, യൂസഫ് കല്ലേരി, പി.എച്ച്. അലി ഹാജി, പി.വി. അബ്ദുസ്സലാം ഹാജി, പി.പി. റാഫി, പി.പി. ഷംസുദ്ദീൻ, അംഗനവാടി ടീച്ചർ ഷീജ എന്നിവർ പ്രസംഗിച്ചു.

