ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഒമിക്രോണ്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തിലാണിത്. ഇതിനോടകം തന്നെ 13ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്
എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര വിമാന സര്‍വീസില്‍ പുനരാലോചന
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കുന്നു. അന്താരാഷ്ട്ര വിമാനസര്‍വീസ് ഉപാധികളോടെ ഡിസംബര്‍ 15-ന് പുനരാരംഭിക്കുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
മാര്‍ഗനിര്‍ദേശം പുതുക്കി
അന്താരാഷ്ട്ര വിമാനയാത്രക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ മന്ത്രാലയം പുതുക്കി. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ‘അറ്റ് റിസ്‌ക്’ പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ചൈന, ബോട്സ്വാന, യുകെ, ബ്രസീല്‍, ഇസ്രായേല്‍, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് ‘അറ്റ് റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്.
പ്രധാന നിര്‍ദേശങ്ങള്‍
▪️ എല്ലാ യാത്രക്കാരും യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം. യാത്രയ്ക്കു മുന്‍പുള്ള 14 ദിവസത്തെ വിവരം നല്‍കണം.
▪️ ‘റിസ്‌ക്’ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന. പോസിറ്റീവെങ്കില്‍ ഐസലേഷന്‍ സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സയും സാംപിളിന്റെ ജനികത ശ്രേണീകരണവും. നെഗറ്റീവാണെങ്കില്‍ 7 ദിവസം ക്വാറന്റീന്‍. എട്ടാം ദിവസത്തെ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ തുടര്‍ന്ന് 7 ദിവസം സ്വയംനിരീക്ഷണം.
▪️ പോസിറ്റീവ് ആകുന്നവര്‍ക്ക് ഒമിക്രോണ്‍ അല്ലെന്നു സ്ഥിരീകരിച്ചാല്‍ നെഗറ്റീവ് ആകുമ്പോള്‍ ആശുപത്രി വിടാം. ഒമിക്രോണ്‍ ആണെങ്കില്‍ കര്‍ശന ഐസലേഷന്‍.
▪️ റിസ്‌ക് പട്ടികയിലില്ലാത്ത രാജ്യത്തു നിന്നുള്ള യാത്രക്കാരില്‍ 5 % പേര്‍ക്കു കോവിഡ് പരിശോധന. പോസിറ്റീവായാല്‍ ജനിതക ശ്രേണീകരണവും ഐസലേഷനും ബാധകം. നെഗറ്റീവായാല്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം.
▪️ ക്വാറന്റീനിലോ സ്വയം നിരീക്ഷണത്തിലോ കഴിയുന്നതിനിടെ രോഗലക്ഷണം വന്നാല്‍ വീണ്ടും പരിശോധന.
▪️5 വയസ്സു വരെയുള്ള കുട്ടികള്‍ക്കു വിമാനത്താവളത്തില്‍ പരിശോധനയില്ല.