തിരൂരങ്ങാടി: കുരുന്നു പ്രായത്തിൽ തന്നെ അപാരമായ ഓർമശക്തിയിലൂടെ വിസ്മയിപ്പിച്ച് തിരൂരങ്ങാടിയിലെ മുഹമ്മദ് ഹൈസിൻ സാബിത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചു. മൂന്നു വയസ്സുകാരനായ ഈ കൊച്ചുമിടുക്കൻ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വിവിധ വിഷയങ്ങളിലെ വിവരങ്ങൾ കൃത്യമായി തിരിച്ചറിയാനും പേരുകൾ പറയാനും കഴിവുള്ളവനാണ്.


വ്യത്യസ്ത നിറങ്ങൾ, ലോകത്തെ സ്വാധീനിച്ച മഹാന്മാർ, വൈവിധ്യമാർന്ന പച്ചക്കറികളും ഫലങ്ങളും, മലയാളം–ഇംഗ്ലീഷ്–ഹിന്ദി അക്കങ്ങൾ, ലോകമഹാത്ഭുതങ്ങൾ, മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ ശരീരഭാഗങ്ങൾ, വാഹനങ്ങൾ എന്നിവയുടെ പേരുകൾ പറയാനും തിരിച്ചറിയാനും ഹൈസിന് അസാധാരണ കഴിവുണ്ട്. രണ്ട് വയസ്സും പത്ത് മാസവും പ്രായമുള്ളപ്പോൾ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്ക് അപേക്ഷിച്ച ഹൈസിൻ, മത്സരത്തിലൂടെ ഈ അപൂർവ നേട്ടം സ്വന്തമാക്കി.ഹൈസിന്റെ കഴിവുകൾ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞത് അധ്യാപിക കൂടിയായ മാതാവ് മുഹ്സിനയായിരുന്നു. ഒന്നര വയസ്സുള്ളപ്പോൾ എ.പി.ജെ. അബ്ദുൾ കലാമിന്റെ ഫോട്ടോ കാണിച്ച് പരിചയപ്പെടുത്തി നൽകിയപ്പോൾ, ഒരുമാസത്തിന് ശേഷം അതേ ചിത്രം മൊബൈലിൽ കണ്ട ഉടൻ തന്നെ കലാമിനെ തിരിച്ചറിയുകയും പേര് ഉച്ചത്തിൽ പറയുകയും ചെയ്തത് മാതാപിതാക്കളെ അമ്പരപ്പിച്ചു. ഇതോടെയാണ് കുട്ടിയിലെ പ്രത്യേക കഴിവ് അവർ ഗൗരവമായി ശ്രദ്ധിക്കാൻ തുടങ്ങിയത്.


കുട്ടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ മാതാപിതാക്കൾ തുടർച്ചയായി പ്രോത്സാഹനം നൽകുകയും പുതിയ അറിവുകൾ പകർന്നു നൽകുകയും ചെയ്തു. ഇതിന്റെ ഫലമായാണ് ഇത്ര ചെറുപ്പത്തിൽ തന്നെ ദേശീയ തലത്തിലെ അംഗീകാരം ഹൈസിന് നേടാനായത്.


ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് പിന്നാലെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡാണ് ഹൈസിന്റെ അടുത്ത ലക്ഷ്യം. അതിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഹൈസിൻ.


കോഴിക്കോട്ട് ബിസിനസ് നടത്തുന്ന കാരാടൻ സാബിത്താണ് ഹൈസിന്റെ പിതാവ്. മുഹമ്മദ് ഹൈദിൻ സാബിത്താണ് സഹോദരൻ.

Previous Post Next Post

Whatsapp news grup