◼️ തിരൂർ പുതിയങ്ങാടിയില്‍ 125 പവന് സ്വര്‍ണാഭരണങ്ങളുമായി നവവധു കാമുകനൊപ്പം മുങ്ങിയെന്ന് സോഷ്യൽ മീഡിയയില്‍ വ്യാജ പ്രചാരണം. ഒരുമാസം മുമ്പ് വിവാഹിതയായ യുവതിയാണ് ഭര്‍തൃവീട്ടില്‍നിന്ന് ഒളിച്ചോടിയതെന്നും വിവാഹ സമയത്ത് വീട്ടുകാര്‍ നല്കിയ 125 പവനിലേറെ സ്വര്‍ണാഭരണങ്ങളുമായാണ് യുവതി കാമുകനോടൊപ്പം സ്ഥലംവിട്ടതെന്നുമാണ് വ്യാജ പ്രചാരണം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണെന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയും ദൃശ്യവും പ്രചരിപ്പിക്കുന്നുണ്ട്. ബന്ധുക്കള്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വ്യാജ വാര്‍ത്തയിലുണ്ട്. എന്നാല്‍, പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യാജ പ്രചാരണമാണെന്ന് മനസ്സിലായതായും തിരൂര്‍ പോലീസ്.
◼️ കൊണ്ടോട്ടിയില്‍ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം നഗരസഭ കൗണ്‍സിലറുമായ കെ.പി.എ ഷരീഫിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.എം.എ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍. സ്വകാര്യ ബസ് ജീവനക്കാരാണ് ഇയാളെ മര്‍ദിച്ചത്. സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞു കാര്‍ തടഞ്ഞ് നിര്‍ത്തി ഷെരീഫിനെ മര്‍ദ്ദിക്കുകയായിരുന്നു. കൊണ്ടോട്ടി പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
◼️ ഒതുക്കുങ്ങലിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി ചെറോടി മാക്കുവിന്െറ മകന്‍ ബാലനാണ് (54) മരിച്ചത്. ഒതുക്കുങ്ങല്‍ കൊളത്തുപ്പറമ്പിലാണ് അപകടം. ഒതുക്കുങ്ങലിലേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ കുടുങ്ങിയ ബാലനെ നാട്ടുകാരും മറ്റു യാത്രക്കാരുമാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
◼️ എടപ്പാളിൽ ബൈക്കിന് ഉള്ളിൽ പാമ്പ്. ടാറിങ് പ്രവർത്തിക്കിടെ പട്ടാമ്പി റോഡിലാണ് സംഭവം. നിർത്തിയിട്ട ബൈക്കിനുള്ളിൽ പാമ്പ് കയറിയാതായി ദൃക്സാക്ഷികൾ പറഞ്ഞതോടെ വഴിയാത്രക്കാർ പരിശോധന തുടങ്ങി. ഇതിനിടയിലാണ് ബൈക്ക് ഉടമ എന്താണ് സംഭവം എന്ന് തിരക്കി എത്തിയത്. കാര്യം അറിഞ്ഞതോടെ ഇതോടെ ഇയാളും അങ്കലാപ്പിലായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ സീറ്റും സൈഡ് ബോക്സും ചെയിൻ കവറുമെല്ലാം അഴിച്ചെങ്കിലും കാണാനായില്ല. അൽപസമയത്തിനകം സംഭവം കണ്ടതായി പറഞ്ഞവരെയും കാണാതായി. അവസാനം ബൈക്കിന്റെ മാസ്ക് അഴിച്ചുമാറ്റിയപ്പോഴാണ് പാമ്പിൻ കുട്ടി പുറത്തേക്ക് ചാടിയത്.
◼️ എടക്കരയിൽ വീട്ടമ്മയെ തടഞ്ഞു നിര്‍ത്തി വെട്ടുകത്തി കൊണ്ട് തലക്ക് വെട്ടിയും കമ്പിപ്പാരകൊണ്ട് അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എടക്കര പയമ്പക്കുന്ന് പാലക്കാത്തടത്തില്‍ മത്തായി എന്ന ജോര്‍ജ്‌ജ് (63)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ഒക്‌ടോബര്‍ 26നാണ് കേസിന്നാസ്‌പദമായ സംഭവം. എടക്കര പാലേമാട് പയമ്ബക്കുന്ന് മത്തായിയുടെ ഭാര്യ വസന്തകുമാരി (62) ആണ് പരാതിക്കാരി. അക്രമത്തില്‍ പരാതിക്കാരിയുടെ വലതു കൈ, മൂക്ക്, താടി എന്നിവയുടെ എല്ല് പൊട്ടിയിരുന്നു.
◼️ മലപ്പുറം ജില്ലയിൽ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടി നാളെ രാവിലെ 10ന് മലപ്പുറം ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് മലപ്പുറം നഗരത്തില്‍ ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ തെരുവുനാടകം അവതരിപ്പിക്കും. വൈകീട്ട് ആറിന് ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് 'മെഴുകുതിരി തെളിയിക്കല്‍' പരിപാടി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കോട്ടപ്പടി ടര്‍ഫില്‍ ഫുട്ബോള്‍ മത്സരവും സംഘടിപ്പിക്കും.
◼️ വണ്ടൂരിൽ ബസിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. സ്കൂൾ വിട്ടു പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ബസിൽ ശല്യം ചെയ്ത യുവാവിനെ പോക്‌സോ കേസിലാണ് അറസ്റ്റ് ചെയ്തു. വണ്ടൂർ പോരൂർ സ്വദേശി കുന്നുമ്മൽ സമീറിനെ (36) യാണ് അറസ്റ്റ് ചെയ്തത്. വാളക്കുളത്ത് നിന്ന് കക്കാട്ടേക്ക് വരുന്ന ബസിൽ വെച്ചാണ് സംഭവം.
◼️ വെന്നിയൂര്‍ കപ്രാട് സ്വദേശിയും പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗവുമായ വേലായുധന്‍ വെന്നിയൂര്‍ അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. വെന്നിയൂരിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. വണ്ടൂരില്‍നിന്നും നിയമസഭയിലേക്ക് മല്‍സരിച്ചിട്ടുണ്ട്.
◼️ പെരിന്തല്‍മണ്ണ താലൂക്കില്‍ പൊതുവിതരണ വകുപ്പ്, പച്ചക്കറി - ഇറച്ചി വില്‍പ്പന ശാലകളില്‍ വ്യാപകമായി പരിശോധന നടത്തി. വിലവിവരം പ്രദര്‍ശിപ്പിക്കാത്ത നാലു കടകള്‍ക്ക് നോട്ടീസ് നല്കി. അമിത വില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു അധികൃതര്‍.
◼️ പൂക്കോട്ടുംപാടത്ത് സാമൂഹ്യവിരുദ്ധര്‍ ബൈക്ക് കത്തിച്ചു. പരിയങ്കാട് മഞ്ചേരിതൊടി ബിജിന് എന്ന കണ്ണന്റെ ബൈക്ക് ആണ് സാമൂഹ്യവിരുദ്ധര്‍ കത്തിച്ചത്. സഹോദരനായ ദിനേശിന്റെ വീട്ടുമുറ്റത്താണ് ബൈക്ക് സൂക്ഷിച്ചിരുന്നത്. കണ്ണന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും അടിച്ചു പൊട്ടിച്ചിട്ടുണ്ട്. ബൈക്ക് സൂക്ഷിച്ചിരുന്ന വീടിനു സമീപത്തെ വീട്ടില്‍ താമസിക്കുന്ന ബന്ധുവാണ് രാത്രി ബൈക്ക് കത്തിക്കുന്നത് കണ്ടത്. ബന്ധുവിന്റെ വീട്ടില്‍ വച്ച് പരിസരവാസിയുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് സംഭവത്തിനു കാരണമെന്നു സംശയിക്കുന്നു.
◼️ അമരമ്പലം അത്താണിക്കല്‍ സ്വദേശി നെല്ലിപ്പറമ്പന്‍ പൂഴികുത്ത് സുരേഷ് ബാബു (50) റിയാദിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ മരിച്ചു. ഉടനെ നാട്ടില്‍ പോകാനിരിക്കെയാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. 18 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ് സുരേഷ്. ഉടനെ നാട്ടില്‍ പോകാനിരിക്കവേയാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും മരണം സംഭവിച്ചതും.
◼️ അരീക്കോട് പുത്തലം സ്വദേശി നാലകത്ത് മുഹമ്മദ് മന്‍ഹല്‍ സന്തോഷ് ട്രോഫി പുതുച്ചേരി ഫുട്ബാള്‍ ടീമില്‍ ഇടം നേടി. കേരള സന്തോഷ് ട്രോഫി ടീമില്‍ മലപ്പുറം ജില്ലയില്‍നിന്ന് ഇത്തവണ ഏഴ് താരങ്ങളാണ് ഇടം നേടിയത്. ഇതിന് പുറമെയാണ് പുതുച്ചേരി ടീമിന്റെ പ്രതിരോധനിര കാക്കാന്‍ മുഹമ്മദ് മന്‍ഹല്‍ ബൂട്ട് കെട്ടുന്നത്. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച താരം മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും തിരുവല്ല സ്പോര്‍ട്സ് സ്കൂളിലുമാണ് പരിശീലനം നേടിയത്.ശേഷം ഫാറൂഖ് കോളജ് ഫുട്ബാള്‍ ടീമില്‍ അംഗമായിരുന്നു.
◼️ തിരൂരങ്ങാടി നഗരസഭ അധികൃതരുടെ അനാസ്ഥ കാരണം കെട്ടിടം നശിക്കുന്നു. ചന്തപ്പടിയിലെ മാപ്പിള കലാസാംസ്കാരിക പഠനകേന്ദ്ര ഇരുനില കെട്ടിടമാണ് കാട് മൂടി നശിക്കുന്നത്. നഗരസഭയിലെ 27 ഡിവിഷനുകള്ക്കായുള്ള നെടുവ സബ്സെന്റര്‍ മാപ്പിള കലാസാംസ്കാരിക പഠനകേന്ദ്രത്തിലെ കെട്ടിടത്തില്‍ സൗകര്യമൊരുക്കി അതിലേക്ക് മാറ്റുമെന്ന് പറഞ്ഞിട്ട് ഇതു വരെ നടപടി ഉണ്ടായിട്ടില്ല. സബ്സെന്റര്‍ ഇപ്പോള്‍ ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിലാണ്.
◼️ പെരിന്തൽമണ്ണയിൽ മൂന്നു വർഷം മുമ്പ് അടച്ചു പൂട്ടിയ എമർജൻസി ഓപറേഷൻ തിയറ്റർ തുറക്കാത്തതിനാൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ചികിൽസ തേടി എത്തുന്ന ഭൂരിഭാഗം രോഗികളെയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നു. അടൂർ പ്രകാശ് ആരോഗ്യ മന്ത്രിയായിരിക്കെ 10 വർഷം മുമ്പ് ഉദ്ഘാടനം ചെയ്തതാണ് എമർജൻസി തിയറ്റർ. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രധാന ബ്ലോക്കിൻ്റെ ഏറ്റവും താഴെ നിലയിലാണ് തിയറ്റർ, മുകൾ നിലയിലേക്ക് റാമ്പ് പണിത ഘട്ടത്തിൽ അടച്ചിട്ടതാണിത്. തിയറ്ററിൽ ഉണ്ടായിരുന്ന വില പിടിപ്പുള്ള യന്ത്രങ്ങൾ മാതൃ-ശിശു ബ്ലോക്കിലെ തിയറ്ററിലേക്ക് മാറ്റിയതാണ്. യന്ത്രങ്ങൾ ഉപയോഗ പെടുത്തി തിയറ്റർ മാതൃ-ശിശു കേന്ദ്രത്തിൽ പ്രവർത്തിച്ചെങ്കിലും കുറച്ചു കാലത്തിന് ശേഷം അതും നിർത്തി. അത്യാഹിത വിഭാഗത്തിൽ ചികിൽസ തേടി എത്തുന്നവർക്കും കിടത്തി ചികിൽസയിൽ തുടരുന്ന രോഗികൾക്കുമാണ് എമർജൻസി തിയറ്റർ ഉപകാരപ്പെടുക.
◼️ തിരൂരിൽ അടുക്കളയില്ലാത്ത ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടോ. അദ്‌ഭുതപ്പെടേണ്ട കഴിച്ചില്ലെങ്കിൽ തിരൂരിലേക്കു വന്നാൽ മതി. തിരൂർ നഗരസഭാ ഓഫീസ് വളപ്പിലാണീ കുടുംബശ്രീയുടെ ജനകീയഹോട്ടൽ. ഇരുപതു രൂപയ്ക്ക് നല്ല രുചിയുള്ള ഭക്ഷണംകിട്ടും. 2020 ഓഗസ്റ്റ് 27-ന് കൊട്ടിഘോഷിച്ച് ഉദ്ഘാടനംചെയ്ത ജനകീയഹോട്ടലിനു പറയാനുള്ളത് കണ്ണീർക്കഥയാണ്. ഭക്ഷണം പാകംചെയ്യാൻ ഇവിടെ അടുക്കളയില്ല. വെള്ളത്തിന് പൈപ്പുകണക്‌ഷനുമില്ല. ചോറ് മറ്റൊരു കാന്റീനിൽനിന്ന് ഉണ്ടാക്കിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. കൈകഴുകാനും പാത്രം കഴുകാനുമുള്ള വെള്ളവും കൊണ്ടുവരണം. അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
◼️ മലപ്പുറം കോട്ടപ്പടി ജി.എൽ.പി. സ്കൂൾ നവീകരിക്കാൻ മുന്നിട്ടിറങ്ങി അധ്യാപകരും രക്ഷിതാക്കളും. വിദ്യാലയം പ്രവർത്തനയോഗ്യമാക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് തുക സമാഹരിക്കാൻ തീരുമാനിച്ചത്. അധ്യാപകർ ഒന്നരലക്ഷം രൂപയും പി.ടി.എ. 60,000 രൂപയുമാണ് സമാഹരിച്ചത്.
◼️ കരുവാരക്കുണ്ടിൽ ഗർഭസ്ഥ ശിശുവിന്റെ ചികിത്സയ്ക്കായി ഏഴുലക്ഷം രൂപ കൈമാറി. നീലാഞ്ചേരി ചേമ്പിലാംപറ്റ റഹീസുൽ ജുനൈദിന്റെ ഭാര്യ അമർഷോ ബിദയുടെ ഗർഭസ്ഥശിശുവിന്റെ ചികിത്സയ്ക്കാണ് സന്നദ്ധസംഘടനായ ജി.ജി.കെയുടെ നേതൃത്വത്തിൽ ഏഴുലക്ഷം രൂപ കൈമാറിയത്. എട്ടുമാസം ഗർഭസ്ഥാവസ്ഥയിലുള്ള കുട്ടിക്ക് ഹൃദയത്തിൽ ശുദ്ധരക്തവും, അശുദ്ധരക്തവും സംക്രമിക്കുന്ന വാൽവുകൾ മാറിയാണ് പ്രവർത്തിക്കുന്നത്. പ്രസവശേഷം ഹൃദയവാൽവ് ശാസ്ത്രകിയ നടത്താനാണ് തുക. ഇരുവൃക്കകളും തകരാറിലായ കുണ്ടിലാംപാടം പന്തപ്പാടൻ ഷഫീഖിന് സമാഹരിച്ച ചികിത്സാസഹായത്തുകയിൽനിന്നാണ് പണം കൈമാറിയത്.