🔳രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതിനോടകം തന്നെ 13ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്നും ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


🔳കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു.  ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാന്‍ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി.


🔳ഒമിക്രോണ്‍ സ്ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിയന്ത്രിക്കാതിരുന്നാല്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും ഇതേറ്റവും ഗുരുതരമായി ബാധിക്കുക ദില്ലിയെയായിരിക്കുമെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അടിയന്തരമായി അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.


🔳വരുന്നു ജവാദ്. ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം  ഡിസംബര്‍ 3 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. ജാവാദ് ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യ നിര്‍ദേശിച്ച നാമങ്ങളുടെ പട്ടികയില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നല്‍കിയത്.


🔳പന്ത്രണ്ട് രാജ്യസഭ എംപിമാരുടെ സസ്പെന്‍ഷനെ ചൊല്ലി പ്രതിപക്ഷവും രാജ്യസഭ അദ്ധ്യക്ഷനും തമ്മില്‍ ഏറ്റുമുട്ടല്‍. സഭയുടെ വിശുദ്ധി കെടുത്തിയവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു വ്യക്തമാക്കി. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷം, സമ്മേളനം ബഹിഷ്‌ക്കരിക്കുന്നത് പരിഗണിക്കുകയാണെന്നും വ്യക്തമാക്കി.


🔳കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് പാര്‍ലമെന്റില്‍ തെന്നിവീണ് പരിക്കേറ്റു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പാര്‍ലമെന്റ് കോറിഡോറിലാണ് അദ്ദേഹം വീണത്.  പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി.


🔳സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ കേരളം അംഗീകരിക്കില്ലെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍. സഹകരണ നയം വഴി സംസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ നടപ്പാക്കണമെന്നാണ് കേന്ദ്ര തീരുമാനമെന്നും കോടിയേരി വിമര്‍ശിച്ചു. 

അക്കാദമിക് ഫാസിസമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന  പുതിയ വിദ്യാഭ്യാസ നയം ഒട്ടുംതന്നെ ജനാധിപത്യപരമല്ലെന്നും സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് പുതിയ വിദ്യാഭ്യാസനിയമമെന്നും ദുര്‍ബലവിഭാഗത്തോട് അനീതി കാണിക്കുന്ന കേന്ദ്ര പാഠ്യപദ്ധതി പരിഷ്‌കരണത്തോട് കേരളം സഹകരിക്കാന്‍ പാടില്ലെന്നും കോടിയേരി ആവശ്യപ്പെട്ടു.


🔳കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കാന്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് സംസ്ഥാന നേതൃത്വം പരാതി നല്‍കും. ചിലര്‍ മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്നും ആരോപണമുണ്ട്. നേതൃത്വവും ഗ്രൂപ്പുകളും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.


🔳മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎല്‍എ. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോയെന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എം.മണി പറഞ്ഞു.


🔳എറണാകുളം വൈറ്റിലയില്‍ വച്ച് വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും മിസ് കേരള റണ്ണറപ്പും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചന്‍ ലഹരിക്ക് അടിമയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് നാഗരാജു. പാര്‍ട്ടികള്‍ക്ക് എത്തുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സൈജുവിന്റെ പതിവാണെന്നും സൈജു ഉപദ്രവിച്ച സ്ത്രീകള്‍ പരാതി നല്‍കിയാല്‍ ഉടനടി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണെന്നും എച്ച് നാഗരാജു വ്യക്തമാക്കി. സൈജുവിനെതിരെ സ്വമേധയാ കേസെടുക്കുന്നതും പൊലീസ് പരിഗണിക്കുന്നു.


🔳ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിന് കടുത്ത വീഴ്ച ഉണ്ടായതായി തെളിഞ്ഞിട്ടും സിഐ സുധീറിനെ പ്രതി ചേര്‍ക്കാത്തതില്‍ വിമര്‍ശനവുമായി നിയമവിദഗ്ധര്‍. ആത്മഹത്യയ്ക്ക് കാരണമായവര്‍ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മോഫിയ കേസില്‍ സുധീറിനെ പ്രതി ചേര്‍ക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.  


🔳കേരളത്തിന് ഇത് അഭിമാന നിമിഷം. നാവികസേനയെ നയിക്കാന്‍ മേധാവിയായി ആദ്യമായി ഒരു മലയാളി. വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ നാവിക സേനയുടെ മേധാവിയായി ചുമതല ഏറ്റെടുത്തു. ദില്ലിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ചായിരുന്നു ചടങ്ങ്.സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഏറ്റെടുത്തു


🔳പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് അനിതക്കെതിരേ കേസെടുത്തത്. മോന്‍സനെതിരേ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം. യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നല്‍കിയത്.


🔳കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബെഡന്‍. ആളുകള്‍ വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം.


🔳ബാലണ്‍ദ്യോര്‍ പുരസ്‌കാര സമിതി അംഗത്തിനെതിരേ കടുത്ത വിമര്‍ശനവുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബാലണ്‍ദ്യോര്‍ സമ്മാനിക്കുന്ന മാസികയായ ഫ്രാന്‍സ് ഫുട്‌ബോളിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കല്‍ ഫെറെയ്‌ക്കെതിരേയാണ് റൊണാള്‍ഡോ ശബ്ദമുയര്‍ത്തിയത്. പാസ്‌കല്‍ നുണപറഞ്ഞുവെന്ന് റൊണാള്‍ഡോ പറഞ്ഞു. മെസ്സിയേക്കാള്‍ കൂടുതല്‍ തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടി വിരമിക്കുകയാണ് ലക്ഷ്യമെന്ന് റൊണാള്‍ഡോ തന്നോട് പറഞ്ഞിരുന്നുവെന്ന് പാസ്‌കല്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കള്ളമാണെന്ന് റൊണാള്‍ഡോ പറഞ്ഞു. ഇത്രയും വലിയ പുരസ്‌കാരം നല്‍കുന്ന മാസികയുടെ എഡിറ്റര്‍ ഇത്തരത്തില്‍ നുണ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.


🔳മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോമാര്‍ട്ട് സേവനങ്ങള്‍ ഇനി വാട്സാപ്പിലൂടെയും ലഭിക്കും. ഇതിനായി ടാപ്പ് & ചാറ്റ് ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. റിലയന്‍സിന്റെ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോം ആണ് ജിയോ മാര്‍ട്ട്. തുടക്കം പഴം, പച്ചക്കറികള്‍, പലവ്യഞ്ജന സാധനങ്ങള്‍ വില്‍ക്കുന്ന ഗ്രോസറി പ്ലാറ്റ്ഫോം ആയിട്ടായിരുന്നെങ്കിലും ഇന്ന് ജിയോ മാര്‍ട്ടില്‍ വസ്ത്രങ്ങള്‍ ഉള്‍പ്പടെ എല്ലാം വില്‍ക്കുന്നുണ്ട്. ജിയോമാര്‍ട്ട് കൂടാതെ അജിയോ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുണ്ട്. താമസിയാതെ വാട്സാപ്പ് വഴിയുള്ള സേവനങ്ങള്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിച്ചേക്കും. എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ്.


🔳സ്വര്‍ണ വില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍  സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കം മുതല്‍ 16 വരെ സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. 16ന് 36,920 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിന് ശേഷമാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ 1040 രൂപയാണ് കുറഞ്ഞത്.


🔳ജയസൂര്യ നായകനാകുന്ന ചിത്രം 'ജോണ്‍ ലൂതര്‍' ഷൂട്ടിംഗ് പൂര്‍ത്തിയായി. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


🔳പൊങ്കല്‍ ദിനം ആഘോഷമാക്കാന്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ താരം പ്രഭാസിന്റെ പ്രണയ ചിത്രം രാധേശ്യാമിലെ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കി. മലരോട് സായമേ.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയത്. മനോഹര ഗാനം ഡിസംബര്‍ ഒന്നിന് പുറത്തിറക്കും. ജോ പോളിന്റെ വരികള്‍ക്ക് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകര്‍ ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡഎന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്.


🔳അമേരിക്കന്‍ എസ്യുവി നിര്‍മ്മാതാവായ ജീപ്പ് 2022-ന്റെ തുടക്കത്തില്‍ ജീപ്പ് മെറിഡിയന്‍ 7-സീറ്റര്‍ എസ്യുവി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. അതിന് ശേഷം ഒരു സബ് കോംപാക്റ്റ് എസ്യുവി കമ്പനി അവതരിപ്പിക്കും. 90 ശതമാനത്തിലധികം പ്രാദേശികമായി ലഭിക്കുന്ന ഘടകങ്ങളുമായി വികസിപ്പിച്ച ഗ്രൂപ്പ് പിഎസ്എയുടെ സിഎംപി (കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോം) യിലായിരിക്കും പുതിയ ജീപ്പ് കോംപാക്റ്റ് എസ്യുവി നിര്‍മ്മിക്കുക. 2022-ന്റെ തുടക്കത്തില്‍ വരാനിരിക്കുന്ന പുതിയ സിട്രോണ്‍ സി3 ഹാച്ച്ബാക്കിനും ഇതേ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാകും.


🔳സ്ത്രീയവസ്ഥയില്‍നിന്ന് സീതയെ മനുഷ്യാവസ്ഥയുടെതന്നെ പ്രതിരൂപമാക്കിയ കുമാരനാശാന്‍, പ്രാണന്‍ പണയംവെച്ചുള്ള എഴുത്തുമാത്രം വശമുണ്ടായിരുന്ന കോവിലന്‍, നിന്റെ ജീവിതം എഴുതാനായി തന്റെ ജീവിതമെഴുതി വായനക്കാരന്റെ വ്യക്തിപരമായ ഓര്‍മകള്‍ സമാന്തരമായി ഉറന്നുറന്നു വരുത്തുന്ന എം.ടി. വാസുദേവന്‍ നായര്‍, ആത്മബോധമുള്ള മനുഷ്യനെ ലക്ഷ്യംവെച്ച് ശ്രീനാരായണഗുരു പ്രതിഷ്ഠിച്ച കണ്ണാടി... പലരും പലതുമായി പല വഴികളിലൂടെ മനുഷ്യനിലേക്കെത്തിച്ചേരുന്ന ലേഖനങ്ങളുടെ സമാഹാരം. കല്‍പ്പറ്റ നാരായണന്റെ ഏറ്റവും പുതിയ പുസ്തകം. 'കറുപ്പ് ഇരുട്ടല്ല വെളുപ്പ് വെളിച്ചവുമല്ല'. മാതൃഭൂമി. വില 224 രൂപ.


🔳സൗത്ത് ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് രോഗവ്യാപനത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നു. ജനിതകമാറ്റം സംഭവിച്ചതും തീവ്ര വ്യാപന ശേഷിയുള്ളതുമായ ഈ അണുക്കള്‍ ഇന്ത്യയിലും എത്താനുള്ള സാധ്യത വളരെയധികമാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകളുടെ രണ്ട് ഡോസും പൂര്‍ത്തിയാക്കാത്തവര്‍ എത്രയുംവേഗം അവ സ്വീകരിക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു.'ഒമിക്രോണ്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ അണുബാധ മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ വലുതാണ്. രോഗതീവ്രതയെ കുറിച്ച് കരുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. എല്ലാ വ്യക്തികളും നിര്‍ബന്ധമായും മാസ്‌ക്കുകള്‍ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, വ്യക്തിശുചിത്വവും സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ചുള്ള കൈകഴുകല്‍ തുടങ്ങിയ പ്രാഥമിക രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നു. രോഗവ്യാപനം ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധ കൊവിഡ് പരിശോധനകളും ക്വാറന്റൈന്‍ സംവിധാനവും ആവശ്യമാണ്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 75.12, പൗണ്ട് - 100.19, യൂറോ - 85.17, സ്വിസ് ഫ്രാങ്ക് - 81.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.52, ബഹറിന്‍ ദിനാര്‍ - 199.22, കുവൈത്ത് ദിനാര്‍ -248.33, ഒമാനി റിയാല്‍ - 195.13, സൗദി റിയാല്‍ - 20.01, യു.എ.ഇ ദിര്‍ഹം - 20.45, ഖത്തര്‍ റിയാല്‍ - 20.63, കനേഡിയന്‍ ഡോളര്‍ - 58.75.

Previous Post Next Post

Whatsapp news grup