◼️ പെരിന്തൽമണ്ണ താഴേക്കോട് ഓട് മേഞ്ഞ വീടിനു മുകളിലേക്ക് കാറ്റിൽ തെങ്ങ് കടപുഴകി വീണു. പൂവ്വത്താണി വട്ടപ്പറമ്പ് ആശാരികുണ്ടിലെ വട്ടപ്പറമ്പിൽ സുന്ദരന്‍റെ (മോഹൻദാസ്) വീടിനു മുകളിലാണ് തെങ്ങ്‌ വീണത്. മേൽക്കൂരയ്ക്ക് കേടുപറ്റി. രാവിലെയുണ്ടായ കാറ്റിലാണ് തെങ്ങ് വീണത്. സുന്ദരന്റെ അമ്മ തങ്കവും ഭാര്യ സവിതയും മൂന്ന് കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. മൂത്തമകൾ വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റുള്ളവർ വീടിന് പുറത്തായിരുന്നു.

◼️ മലപ്പുറത്ത്‌ നിന്ന് കെ.എസ്.ആർ.ടിസിയുടെ  മലക്കപ്പാറ വിനോദസഞ്ചാര സർവീസിൽ ഇന്നലെ ഒരു ലേഡീസ് ഓൺലി യാത്ര. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സംഘടനയാണ് യാത്രനടത്തിയത്. ആദ്യമായാണ് സ്ത്രീകളും കുട്ടികളും മാത്രമടങ്ങുന്ന ഒരുസംഘം കെ.എസ്.ആർ.ടി.സിയുടെ പാക്കേജിൽ മലക്കപ്പാറ യാത്ര നടത്തിയത്. 40 വനിതകളും 15 കുട്ടികളുമടങ്ങുന്നതായിരുന്നു സംഘം. അധികതുക നൽകിയതിനാൽ ബസ്‌ സർവകലാശാലാ കാമ്പസിലെത്തി യാത്രക്കാരെ കൂട്ടി.

◼️ അരീക്കോട് മൂന്ന് സഹകരണബാങ്കുകൾ സഹകരിച്ച് അരീക്കോട്ട് ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉൽഘടനം ഡിസംബർ രണ്ടിന്. അരീക്കോട്, കീഴുപറമ്പ്, ഊർങ്ങാട്ടിരി സഹകരണബാങ്കുകൾ ചേർന്നാണ് അരീക്കോട് പഞ്ചായത്തിലെ ഉഗ്രപുരത്ത് സൗജന്യ ഡയാലിസിസ് സെന്റർ തുടങ്ങുന്നത്. നിലവിൽ ഈ മൂന്നു പഞ്ചായത്തുകളിലായി മുന്നൂറിൽപരം വൃക്കരോഗികൾ ഉണ്ട്. ഇവർ ഡയാലിസിസിനായി അകലെയുള്ള ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഈ സ്ഥിതിക്ക് അറുതി വരുത്താനാണ് 2019-ൽ മൂന്ന് സഹകരണബാങ്കുകളും ചേർന്ന് രൂപവത്‌കരിച്ച ഏറനാട് ചാരിറ്റബിൾ ട്രസ്റ്റ് മുൻഗണന നൽകിയത്. ഡിസംബർ രണ്ടിന് 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും.

◼️ പെരിന്തൽമണ്ണയിൽ താലൂക്കിലെ വിവിധ പച്ചക്കറി, ഇറച്ചി വില്പനശാലകളിൽ പൊതുവിതരണവകുപ്പ് പരിശോധന നടത്തി. വിലവിവരം പ്രദർശിപ്പിക്കാത്ത നാല് കടകൾക്ക് നോട്ടീസ് നൽകി. അമിതവില ഈടാക്കുന്നതിനെതിരേ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ. ടൗണിന്റെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.

◼️ കുറ്റിപ്പുറത്ത്‌ അലർജിക്‌ കുത്തിവെപ്പ് എടുത്തതിനെത്തുടർന്ന് കുറ്റിപ്പുറം സ്വദേശി ഹസ്ന മരിക്കാനിടയായ സംഭവം സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിലേയും ഡി.എം.ഒയിലേയും സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മെഡിക്കൽ ടീം ഇന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിക്കും.

◼️ കൊണ്ടോട്ടി മൊറയൂരിൽ എട്ടുവയസ്സേ ആയിട്ടുള്ളൂ അവന്. പക്ഷേ ഇനി ജീവിക്കണമെങ്കിൽ നാട്ടുകാർതന്നെ കനിയണം. അത്തരമൊരു അവസ്ഥയിലാണ് മൊറയൂർ പെരുവൻതൊടി ഫൈസലിന്റെ മകൻ അഹമ്മദ് അദ്‌നാൻ. തലാസീമിയ മേജർ രോഗംബാധിച്ച് ചികിത്സയിലാണ് അദ്‌നാൻ. മജ്ജമാറ്റിവെക്കൽ മാത്രമാണ് പരിഹാരം. 40 ലക്ഷത്തോളം ചെലവുവരും. ഇനി ഒന്നും വിൽക്കാനില്ല ഫൈസലിന്. ഇതുവരെ ആരോടും കടംവാങ്ങിയിട്ടുമില്ല. നാട്ടുകാർ അദ്‌നാന്റെ ചികിത്സയ്ക്കായി സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ-11660200008611, ഐ.എഫ്.എസ്.സി-FDRL0001166, ഫെഡറൽബാങ്ക്, മോങ്ങം. ഗൂഗിൾപേ- 8547469311.

◼️ നിലമ്പൂരിൽ ജില്ലാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ പുരുഷവിഭാഗത്തിൽ പരപ്പനങ്ങാടി ബുൾപെൻ അക്കാദമി ചാമ്പ്യന്മാരായി. ഫൈനലിൽ അമൽ കോളേജിനെ (80) പരാജയപ്പെടുത്തിയാണ് ബുൾപെൻ അക്കാദമി കീരീടം നേടിയത്. പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസ് മൂന്നാംസ്ഥാനം നേടി (12). ഷോക്കേർസ് നിലമ്പൂരിനെയാണ് പരാജയപ്പെടുത്തിയത്.

◼️ നിലമ്പൂർ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. കാൽനടയാത്രക്കാർക്കും ഇവ കടുത്ത ഭീഷണിയാണ്. ഏറെത്തിരക്കുള്ള കെ.എൻ.ജി. റോഡിൽ നിലമ്പൂർ ടൗൺ ഭാഗത്താണ് കന്നുകാലികൾ ഗതാഗതതടസ്സം സൃഷ്ടിക്കുന്നത്. രാവിലെ മുതൽ റോഡിലേക്ക് ഇറങ്ങുന്ന കന്നുകാലികൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഈ നാൽക്കാലികൾക്ക് സുരക്ഷാ സംവിധാനം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ആളുകൾ. വർഷങ്ങൾക്കുമുൻപ് നിലമ്പൂർ മാർക്കറ്റിനോട് ചേർന്നു പശുക്കൾക്ക് സുരക്ഷാ സംവിധാനം ഉണ്ടായിരുന്നെങ്കിലും ഫലംകണ്ടില്ല.

◼️ കൊണ്ടോട്ടിയിൽ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നിരന്തരമായി സ്ഥാപിച്ച റിംബിൾ സ്ട്രിപ്പുകൾ അപകടങ്ങൾ കുറയ്ക്കുന്നതിനു പകരം വർദ്ധിക്കുന്നതായുള്ള പരാതികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകി.

◼️ നിലമ്പൂരിൽ ആളുകൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ഈ കന്നുകാലികളെ എത്രയുംപെെട്ടന്ന് ഉടമകൾക്ക് കൈമാറുകയോ സുരക്ഷാസംവിധാനം ഉറപ്പാക്കുകയോ ചെയ്യണം. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ നിയന്ത്രിക്കണമെന്നും അവയെ പിടിച്ചുകെട്ടാൻ നടപടി സ്വീകരിക്കുമെന്നുമുള്ള നിലമ്പൂർ നഗരസഭാ അധികൃതരുടെ പ്രഖ്യാപനവും ഫലംകണ്ടില്ല. അന്തസ്സംസ്ഥാന പാത കന്നുകാലികൾ കീഴടക്കുന്നത് വലിയ അപകടത്തിനിടയാക്കുമെന്നും നാട്ടുകാർ.

◼️ കോട്ടയ്ക്കലിൽ ഇനി ഇവർക്ക് എല്ലാ ഞായറാഴ്ചയും 'ഹാപ്പി സൺഡേ'. രണ്ടത്താണി തോഴന്നൂരിലെ സോക്കറെക്‌സ് ടർഫിൽ ആണ് ഞായറാഴ്ചകളിൽ ഭിന്നശേഷി കുട്ടികൾക്ക് ഒത്തുകൂടാനും കളിക്കാനും സൗകര്യമൊരുങ്ങിയത്. രക്ഷിതാക്കൾ മുൻകൈയെടുത്ത് ആണിത് നടപ്പാക്കിയത്. ‘പേൾസ് സ്പോർട്‌സ്, കോട്ടയ്ക്കൽ' എന്ന പേരിൽ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയിൽ തുടങ്ങിയ പദ്ധതിയിൽ ഭിന്നശേഷി കുട്ടികൾക്ക് കളിയിലൂടെ ആരോഗ്യം നേടാം.

◼️ എടപ്പാളിൽ ജനിതകരോഗങ്ങളാൽ സമൂഹത്തിന്റെ മുഖ്യധാരയിലെത്താനാവാതെ പ്രയാസപ്പെടുന്ന എസ്.എം.എ. രോഗികളുടെ സ്വപ്‌നങ്ങൾക്ക് ചിറകേകാൻ മൈൻഡിന്റെ ‘ഒരിടം’ പദ്ധതി യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. ഇത്തരം രോഗികളെ ഒരു കുടക്കീഴിൽ അണിനിരത്താനായി നടപ്പാക്കുന്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ശാരീരിക ചലനശേഷി പൂർണമായോ ഭാഗികമായോ ഇല്ലാതാകുന്ന ജനിതകരോഗമായ സ്പൈനൽ മക്‌സുലാർ അട്രോഫി (എസ്.എം.എ.), മസ്കുലാർ ഡിസ്‌ട്രോഫി (എം.ഡി.) എന്നിവമൂലം പ്രതിസന്ധിയിലായവരുടെ കൂട്ടായ്മയ്ക്കായി പ്രവർത്തിക്കുന്ന ട്രസ്റ്റ് ആണ് മൊബിലിറ്റി ഇൻ ഡിസ്‌ട്രോഫി.

◼️ പരപ്പനങ്ങാടിയിൽ കിടപ്പാടവും ഭൂമിയും സ്ഥാപനങ്ങളും നഷ്ടപ്പെടുത്തുമെന്ന ഭീതിയിലാണ് പരപ്പനങ്ങാടിയിലെ നിർദിഷ്ട കെ-റെയിൽ സിൽവർലൈൻ പദ്ധതി ഭൂമിയിൽ താമസിക്കുന്നവർ. വിവിധയിടങ്ങളിൽ സർവേക്കല്ല് നാട്ടിയെന്ന വാർത്ത പരന്നതോടെ ഭൂമിയും വരുമാന മാർഗവുമെല്ലാം സംരക്ഷിക്കാൻ കെ-റെയിൽ വിരുദ്ധകർമസമിതി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. എം.എൽ.എ, നഗരസഭ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങാനാണ് നീക്കം. ഭൂമിയും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പകരം കൊടുക്കാനുള്ള ഭൂമി പരപ്പനങ്ങാടിയിലില്ലെന്നാണ് നഗരസഭ പറയുന്നത്. കെ-റെയിലിന് സമീപം കിഴക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലായി 500 മീറ്റർ സ്ഥലത്ത് സ്വകാര്യ നിർമാണങ്ങൾ നടക്കില്ലെന്ന ചർച്ചയും ജനങ്ങളിൽ ആശങ്കയേറ്റുകയാണ്.

◼️ പരപ്പനങ്ങാടിയിൽ കിടപ്പാടവും ഭൂമിയും സ്ഥാപനങ്ങളും നഷ്ടപ്പെടുത്തുമെന്ന ഭീതിയിലാണ് പരപ്പനങ്ങാടിയിലെ നിർദിഷ്ട കെ-റെയിൽ സിൽവർലൈൻ പദ്ധതി ഭൂമിയിൽ താമസിക്കുന്നവർ. വിവിധയിടങ്ങളിൽ സർവേക്കല്ല് നാട്ടിയെന്ന വാർത്ത പരന്നതോടെ ഭൂമിയും വരുമാന മാർഗവുമെല്ലാം സംരക്ഷിക്കാൻ കെ-റെയിൽ വിരുദ്ധകർമസമിതി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. എം.എൽ.എ, നഗരസഭ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങാനാണ് നീക്കം. ഭൂമിയും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് പകരം കൊടുക്കാനുള്ള ഭൂമി പരപ്പനങ്ങാടിയിലില്ലെന്നാണ് നഗരസഭ പറയുന്നത്.

◼️ തേഞ്ഞിപ്പലത്ത്‌ ഇരു ടീമുകളും കളംനിറഞ്ഞുകളിച്ച പോരാട്ടത്തിൽ കർണാടകത്തെ ഒരുഗോളിന് തകർത്ത് ജാർഖണ്ഡ്. ദേശീയ സീനിയർ വനിതാഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കാലിക്കറ്റ് സർവകലാശായിലെ രണ്ടാംദിവസത്തെ ആദ്യ മത്സരത്തിലാണ് പർണിതാ തിർക്കിയുടെ ഗോളിൽ ജാർഖണ്ഡ് വിജയിച്ചത്. രണ്ടാംപകുതിയിൽ 79-ാം മിനിറ്റിലാണ് ജാർഖണ്ഡ് താരം നീൽ കുശും ലകാറയ്ക്ക് ലഭിച്ച ബോൾ ബോക്സിലേക്ക് നൽകി ബോക്സിന് പുറത്തുനിന്ന് ഓടിക്കയറിയ പർണിതാ തിർക്കി മനോഹരമായ ഫിനിഷിലൂടെ ഗോളാക്കി മാറ്റിയത്. ഇരുടീമുകൾക്കും അവസരങ്ങൾ നിരവധി ലഭിച്ചെങ്കിലും ഗോൾകീപ്പർമാർ രക്ഷകരാവുകയായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽത്തന്നെ കർണാടകത്തിന്റെ ക്ഷേത്രിമായു മർഗരറ്റ് ദേവിക്ക് ലഭിച്ച അവസരം ജാർഖണ്ഡ് ഗോൾ കീപ്പർ ആശാ മഹിമ ബെക്ക് തട്ടിയകറ്റി. മിനിറ്റുകൾക്കുശേഷം ജാർഖണ്ഡ് പ്രതിരോധംവരുത്തിയ പിഴവിൽനിന്ന് ലഭിച്ച അവസരം കർണാടകതാരം അഞ്ച്‌ ഗോളാക്കാൻ ശ്രമിച്ചെങ്കിലും ഗോൾപോസ്റ്റ് വില്ലനായി.

◼️ മലപ്പുറത്ത്‌ നവവധുവിനെ ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിൽ മലപ്പുറം വനിതാപോലീസ് കേസെടുത്തു. ചങ്കുവെട്ടി സ്വദേശിയായ യുവാവ് വിവാഹംചെയ്ത ശേഷം പ്രകൃതിവിരുദ്ധപീഡനം നടത്തിയെന്ന പരാതിയിലാണ് കേസ്. വധുവിന്റെ വീട്ടുകാർ നൽകിയ 44 പവൻ സ്വർണാഭരണങ്ങൾ ഭർത്താവും വീട്ടുകാരും സ്വന്തം ആവശ്യത്തിന് എടുത്തതിനും ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായു പീഡിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. ഈ കേസിൽ ഉൾപ്പെട്ട ഭർത്താവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി അടിച്ചുപരിക്കേൽപ്പിച്ചതിന് കോട്ടയ്ക്കൽ പോലീസ് കഴിഞ്ഞയാഴ്ച മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

◼️ പെരിന്തൽമണ്ണയിൽ ജവാനെ ഓർക്കാൻ നാട് ഒരുമിക്കുന്നു. പട്ടിക്കാട്: 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിന് ഡിസംബർ മൂന്നിന് അമ്പതാണ്ട് തികയുമ്പോൾ, യുദ്ധത്തിൽ വീരമൃത്യുവരിച്ച ജവാനെ അനുസ്മരിക്കാൻ ജന്മനാട് ഒത്തുകൂടുന്നു. പൂപ്പലത്തെ കെ.ടി. ഹംസയെയാണ് അനുസ്മരിക്കുന്നത്. ഇന്ത്യൻ എയർഫോഴ്‌സ്, സർവീസസ് തുടങ്ങിയ ക്ലബ്ബുകളിലെ ഫുട്‌ബോളർ കൂടിയായിരുന്നു. ഇത് സൈന്യത്തിലേക്ക് വഴിതുറക്കുകയാണുണ്ടായത്. ഇന്ത്യാ-പാക് യുദ്ധത്തിൽ വ്യോമസേനയിൽ സർജന്റ് ആയിരുന്നു. യുദ്ധം തുടങ്ങി രണ്ടാം ദിവസമായ ഡിസംബർ നാലിന് ഗുജറാത്തിലെ ഭുജിൽ പാക്ക് ഷെല്ലാക്രമണത്തിലാണ് കെ.ടി. ഹംസ വീരമൃത്യു വരിച്ചത്. മുപ്പത്തിയൊന്നാം വയസ്സിലായിരുന്നു മരണം.

Previous Post Next Post

Whatsapp news grup