● മലപ്പുറത്ത് എം.പി., എം.എൽ.എ. ഫണ്ടുകൾ പാസാക്കാൻ പണം ആവശ്യപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം വിജിലൻസ് സംഘം കളക്ടറേറ്റിലെ സീനിയർ ഫിനാൻസ് ഓഫീസറുടെ കാര്യാലയത്തിൽ പരിശോധന നടത്തി. കണക്കിൽപ്പെടാത്ത 9,780 രൂപ പിടിച്ചെടുത്തു. ഫയലുകൾ വെച്ചുതാമസിപ്പിക്കുന്നതായും കണ്ടെത്തി.


● എടവണ്ണയിൽ ലോറിജീവനക്കാരനായ യുവാവ് അക്രമാസക്തനായി തിരുവാലിഭാഗത്ത് വ്യാപകനാശം വിതച്ചു. ഒതായി ചാത്തല്ലൂർ സ്വദേശിയായ യുവാവാണ് തിരുവാലി എറിയാട് ഭാഗത്ത് നാശനഷ്ടങ്ങൾ വരുത്തിയത്. പുലർച്ചെ രണ്ടരയോടെ ഈ ഭാഗത്തെ ടൈൽസ് കടയിലേക്ക് ലോറിയിലെത്തിയതായിരുന്നു ഇയാൾ. ഈ സമയം താഴെ കോഴിപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന വളപ്പിൽ സജീഷ് കോഴിക്കച്ചവടത്തിന്റെ കണക്കുകൾ കോഴിവണ്ടിയിലെ ഡ്രൈവറും ക്ലീനറുമായി ശരിയാക്കുന്നതിനിടെ ഇവിടെയെത്തിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ ഇവരെ അക്രമിച്ചു. എടവണ്ണയിൽ അപ്രതീക്ഷിത അക്രമത്തിൽ പകച്ച മൂവരും ഓടി ക്വാർട്ടേഴ്‌സിൽ കയറി. ഈ സമയം ലോറിയിലെ ജാക്കിയെടുത്ത് ജനൽ തകർത്തു. തുടർന്ന് വണ്ടിയുമായി കടന്നു കളഞ്ഞു. ഈ വാഹനവുമായി വാളശ്ശേരി സൈഫുന്നാസറിന്റെ റോഡരികിലെ ഹോട്ടൽ തകർത്തു. ഇതിനുശേഷം തൊണ്ടിവാഹനങ്ങൾ ലേലത്തിനെടുത്ത് പൊളിച്ചു വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ഓഫീസും ലോറിയിടിച്ചു തകർത്തു. പാതയോരത്ത് നിർത്തിയിട്ട സ്വകാര്യബസിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്തു. പിന്നീട് കാളപൂട്ടുകണ്ടത്തിനു സമീപം നിർത്തിയിട്ട രണ്ടു ബൈക്കുകളും ഇവിടെയുള്ള പെട്രോൾപമ്പിലെ മീറ്ററുകളും കല്ലുപയോഗിച്ച് നശിപ്പിച്ചു. തുടർന്ന് നാട്ടുകാർ ഓടിയെത്തി ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ഇതു തെളിയിക്കുന്ന രേഖകൾ ഇയാളുടെ കൈവശമുണ്ടെന്നും പോലീസ്.


● കോട്ടയ്ക്കൽ എടരിക്കോട് സബ്‌സ്റ്റേഷനിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ 19, 21 തീയതികളിൽ 33 കെ.വി. കൂരിയാട്, ഒതുക്കുങ്ങൽ, കല്പകഞ്ചേരി സബ് സ്റ്റേഷനുകളിൽനിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും വൈദ്യുതി മുടങ്ങും. ട്രാൻസ്‌ഫോർമർ ടെസ്റ്റിങ്, കമ്മീഷനിങ് എന്നിവയുമായി ബന്ധപ്പെട്ട് 20, 22, 23, 24, 25 തീയതികളിലും ഭാഗികമായി വൈദ്യുതി തടസ്സപ്പെടും. ഈ ദിവസങ്ങളിൽ മറ്റു സബ് സ്റ്റേഷനുകളിൽനിന്ന് പരിമിതമായി ലഭ്യമായേക്കാവുന്ന വൈദ്യുതിവിതരണം മാത്രം നടക്കും.


● നിലമ്പൂരിൽ  ഗോഡൗണിൽ ഇറക്കാനുള്ള അരിയുമായെത്തിയ ലോറി പിന്നിലേക്ക് ഉരുണ്ടിറങ്ങി മൂന്ന് ബൈക്കുകൾ തകർന്നു. ബൈക്ക് യാത്രക്കാരിൽ ഒരാൾക്ക് പരിക്കേറ്റു. നിലമ്പൂർ മണലൊടി കെ.വി. നാരായണൻകുട്ടി(72)ക്കാണ് പരിക്കേറ്റത്. ഇയാളെ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. റോഡിൽ ആ സമയത്തുവന്ന മറ്റു യാത്രക്കാർ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. വി.കെ. റോഡിൽനിന്ന് മണലൊടി റോഡിലേക്കുള്ള ലിങ്ക് റോഡിലെ ഗോഡൗണിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു ലോറി. ഡ്രൈവർ പുറത്തിറങ്ങിയപ്പോഴേക്കും ലോറി പിന്നിലേക്ക് ഉരുണ്ടുതുടങ്ങി. നിലമ്പൂരിൽ ഗോഡൗൺ റോഡിന്റെ കുത്തനെയുള്ള സ്ഥലത്തായതിനാൽ ഇറക്കത്തിലൂടെ ലോറി വേഗത്തിൽ പിന്നോട്ടുനീങ്ങി. ഈസമയം ഇതുവഴി വന്ന ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്. ലോറി കയറിയിറങ്ങിയ ബൈക്കുകൾ ചതഞ്ഞു. ഇതിലുണ്ടായിരുന്ന യാത്രക്കാർ ബൈക്കുകൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടയിലാണ് ലോറിയിൽ തട്ടി ഒരാൾക്ക് പരിക്കേറ്റത്. തകർന്ന ബൈക്കുകളിൽ തട്ടിയാണ് ലോറി നിന്നത്. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ.


● താനൂർ അഞ്ചുടിയിലെ രാഷ്ട്രീയസംഘർഷങ്ങളിൽ പ്രതിചേർത്ത് ഉണ്ണിയാൽ സ്വദേശി പള്ളീമാന്റെ പുരയ്ക്കൽ അർഷാദി(27) നെ മലപ്പുറം ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തു. രാത്രിയിൽ വീട്ടിലെത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 2019 മാർച്ച് 4-നാണ് കേസിനാസ്പദമായ സംഭവം.


● എടപ്പാളിൽ  കെ -റെയിൽ പദ്ധതിക്കായി ഭൂമി സർവേ ചെയ്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വീണ്ടും  കർമസമിതി പ്രവർത്തകർ തടഞ്ഞു. പിന്നീട് പോലീസ് സന്നാഹവുമായെത്തിയ ഉദ്യോഗസ്ഥരുമായി കർമസമിതിക്കാർ വാക്കേറ്റവും സംഘർഷവുമുടലെടുത്തു. ആറു കർമസമിതി പ്രവർത്തകരെ അറസ്റ്റുചെയ്ത ശേഷം ഉദ്യോഗസ്ഥർ സർവേ നടത്തി കല്ലിടാതെ ഭൂമി അടയാളപ്പെടുത്തി മടങ്ങി. എടപ്പാൾ പട്ടാമ്പി റോഡിൽ വട്ടംകുളം പഞ്ചായത്തിലെ താഴത്തങ്ങാടി പള്ളിക്കു സമീപമുള്ള ഭൂമികളിലാണ് വെള്ളിയാഴ്ച 11 മണിയോടെ കെ. റെയിൽ സർവേ ലാൻഡ് അക്വിസിഷൻ വിഭാഗം  സർവേക്കുള്ള നടപടികളാരംഭിച്ചത്. ഇതോടെ പ്രദേശവാസികളും കെ -റെയിൽ വിരുദ്ധ  കർമസമിതിക്കാരും ഇവരെ തടഞ്ഞു. എടപ്പാളിൽ ലോറിയിൽ സർവേക്കല്ലും എല്ലാ ഉപകരണങ്ങളുമായാണ് ഉദ്യോഗസ്ഥരെത്തിയിരുന്നത്. ഇവർ വിവരമറിയിച്ചതനുസരിച്ച് ചങ്ങരംകുളത്ത് നിന്ന് പോലീസെത്തിയെങ്കിലും സർവേ നടത്താൻ ജനം അനുവദിക്കാത്തതിനാൽ മടങ്ങിപ്പോയി. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ കൂടുതൽ പോലീസുമായി ഇവരെത്തി സർവേ നടപടികളാരംഭിച്ചു. ഇതോടെ കൂടുതൽ ജനങ്ങളുമെത്തിയതോടെ വാക്കേറ്റവും സംഘർഷവുമായി. ഉയരത്തിലൂടെയാണ് ലൈൻ പോകുന്നതെന്നാണ് പറയുന്നതെങ്കിലും ഇതിനുള്ള കൃത്യമായ വിവരവും നഷ്ടപരിഹാരം സംബന്ധിച്ച വിവരവും അധികാരികൾ നൽകുന്നില്ലെന്നാണ് കർമസമിതിക്കാരുടെ പ്രധാന ആരോപണം. ഇതിനിടയിൽ സർവേക്കല്ലുകൾ തിരിച്ചയച്ചു.


● നിലമ്പൂരിൽ കഞ്ചാവു വില്പനയ്ക്കിടെ യുവാവ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. നിലമ്പൂർ പട്ടരാക്കയിൽ എം.ഇ.എസ്. സെൻട്രൽ സ്കൂളിനു മുൻവശത്തുവെച്ച് പോരൂർ താളിയംകുണ്ട് ഇല്ലിക്കൽ വീട്ടിൽ ഹാരിസിനെ (28) യാണ് നിലമ്പൂർ റെയ്ഞ്ച് എക്സൈസ് വിഭാഗം പിടികൂടിയത്. ബൈക്കിൽ കടത്തുകയായിരുന്ന 1.600 കിലോഗ്രാം കഞ്ചാവുമായാണ് കസ്റ്റഡിയിലെടുത്തത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരേ കഞ്ചാവ് കടത്തിയതിനു തമിഴ്‌നാട്ടിലും കേസ് ഉണ്ട്. പൂട്ടിക്കിടക്കുന്ന സ്കൂൾ പരിസരവും ശ്മശാനവും കേന്ദ്രീകരിച്ചു പട്ടരാക്കയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരേ നാട്ടുകാരുടെ സഹായത്തോടെ കർശന നടപടി സ്വീകരിക്കുവാനാണ് എക്സൈസ് തീരുമാനം•


● കൊണ്ടോട്ടി കൊട്ടപ്പുറം-കാക്കഞ്ചേരി റോഡിൽ 23-ന് വീണ്ടും സർവേ നടത്താൻ തീരുമാനിച്ചു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത്  യോഗത്തിലാണ് തീരുമാനം. കാവുംപടി, കോഴിപ്പുറം, യു.കെ.സി. എന്നിവിടങ്ങളിൽ പൊതുമരാമത്തുവക ഭൂമി റോഡ് നിർമാണത്തിന് ഉപയോഗിക്കാതെ വെറുതെയിട്ടതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വീണ്ടും സർവേ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. പരാതികൾ തീർത്ത് റോഡുപണി വേഗത്തിൽ പൂർത്തീകരിക്കാനാണ് നീക്കം.


● കല്പകഞ്ചേരിയിൽ  പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന ഗാർഹിക പീഡനക്കേസ് പ്രതി കുഴിമണ്ണ സ്വദേശി മുള്ളൻ മടക്കൽ സൈതലവി (62) യെ കല്പകഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


● ആതവനാട് പഞ്ചായത്തിൽ കൂടശ്ശേരിപ്പാറയ്ക്കും കുറുമ്പത്തൂർ വില്ലേജ് ഓഫീസിനടുത്തുമായി എസ്.സി. വിഭാഗത്തിനായി ഒരു ശ്മശാനഭൂമിയുണ്ട്. കുറുമ്പത്തൂർ വലിയ കുന്നാരത്തുപറമ്പ് ശ്മശാനം. കുറുമ്പത്തൂർ കുന്നക്കാട്ട് ദാമോദരൻ നായർ അരനൂറ്റാണ്ടു മുൻപ് ഹരിജൻ വിഭാഗങ്ങളിലെ വ്യക്തികൾ മരിച്ചാൽ സംസ്കരിക്കുന്നതിനായി വിട്ടുനൽകിയതാണ് 50 സെന്റോളം വരുന്ന ഈ സ്ഥലം.


● കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ പതിനാലരക്കോടി രൂപ ചെലവഴിച്ച് നിർമിച്ച ഏഴ് സ്‌കൂൾകെട്ടിടങ്ങൾ ഉദ്ഘാടനത്തിനു സജ്ജമായി. കൊണ്ടോട്ടി ഗവ. വി.എച്ച്.എസ്.എസ്, കൊട്ടപ്പുറം ജി.വി.എച്ച്.എസ്.എസ്, ചാലിയപ്പുറം ജി.എച്ച്.എസ്.എസ്, ചീക്കോട് ജി.യു.പി.എസ്, ഓമാനൂർ ജി.വി.എച്ച്.എസ്.എസ്, തുറക്കൽ ജി.എൽ.പി.എസ്, കാരാട് ജി.എൽ.പി.എസ്. എന്നീ വിദ്യാലയങ്ങളോടുചേർന്ന് പുതുതായി നിർമിച്ച കെട്ടിടങ്ങളാണ് ഉദ്ഘാടനം കാത്തുനിൽക്കുന്നത്.

Previous Post Next Post

Whatsapp news grup