കൊയിലാണ്ടി : പ്രണയ നൈരാശ്യം മൂലം തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന യുവാവും മരിച്ചു. അയല്‍വാസി വലിയ മഠത്തില്‍ നന്ദകുമാര്‍ (30) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ചയാണ് തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി തിക്കോടി കാട്ടുവയല്‍ കൃഷ്ണപ്രിയ (22)യെ നന്ദകുമാര്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിലെ പ്ലാനിംഗ് വിഭാഗത്തില്‍ പ്രൊജക്ട് അസി. ആയി താത്ക്കാലിക ജീവനക്കാരിയാണ് കൃഷ്ണപ്രിയ. ഇവര്‍ ജോലിയില്‍ പ്രവേശിച്ചിട്ട് നാല് ദിവസം മാത്രമെ ആയിരുന്നുള്ളൂ.
രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്‍പിലായിരുന്നു സംഭവം. ഓഫീസിലേക്ക് എത്തിയ കൃഷ്ണപ്രിയയെ നന്ദകുമാര്‍ തടഞ്ഞുനിര്‍ത്തി. വാക്കുതര്‍ക്കം നടക്കുന്നതിനിടെ കൈയില്‍ കരുതിയ കുപ്പിയിലെ പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്ത് ഒഴിച്ച ശേഷം സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് നന്ദകുമാര്‍ തീകൊളുത്തി. കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റ കൃഷ്ണപ്രിയ വൈകുന്നേരത്തോടെ മരിച്ചു.