തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച്‌ തീരുമാനമെടുക്കാനുള്ള അധികാരം പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ ഹെഡ്മാസ്റ്റര്‍ക്കായിരിക്കും.

കഴിഞ്ഞ മൂന്ന് പ്രവ‍ൃത്തി ദിവസങ്ങളില്‍ ഹാജര്‍ നില ശരാശരി 40 ശതമാനത്തില്‍ താഴെയാണെങ്കില്‍ അത്തരം സ്ഥാപനങ്ങളില്‍ അടുത്ത 15 ദിവസത്തേക്ക് ഓണ്‍ലൈന്‍ ക്ലാസായിരിക്കണം. തുടര്‍ന്ന് ഓണ്‍ലൈന്‍ ഓഫ്ലൈന്‍ എന്ന രീതിയിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍, രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സറും മറ്റ് തീവ്ര രോഗമുള്ളവര്‍ക്കും വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കാം. സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നിവയുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം.

സംസ്‌ഥാനത്ത് 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ വാക്‌സിനേഷനില്‍ സംസ്‌ഥാന ശരാശരി 66 ശതമാനമാണ്. സംസ്ഥാന ശരാശരിയേക്കാല്‍ കുറവ് വാക്സിനേഷന്‍ നടന്നിട്ടുള്ള ജില്ലകളില്‍ പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തും.

അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് പരിശോധനകള്‍ കുറവായതിനാല്‍ പുതിയ കേസുകള്‍ 30,000 ന് താഴെ എത്തി. പക്ഷെ രോഗവ്യാപന നിരക്ക് 47.7 ശതമാനമായി ഉയര്‍ന്നത് ആശങ്കയാണ്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍.


Previous Post Next Post

Whatsapp news grup