വയനാട്: പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ ബാണാസുര ഡാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി പറമ്ബത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ് (27) ആണ് മരിച്ചത്.
കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം ജോമിയും സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി സുഹൃത്തിനോടൊപ്പം ബൈക്കിലാണ് റാഷിദ് ഇവിടെയെത്തിയത്. സമീപത്തെ റിസോര്‍ട്ടില്‍ കണ്ണൂര്‍ സ്വദേശികളായ മറ്റ് സുഹൃത്തുക്കളെ കാണാനെത്തിയതായിരുന്നു റാഷിദ്. തുടര്‍ന്ന് ഇന്ന് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിപ്പോകുകയായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.
ദുബൈയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്ബ് നാട്ടിലെത്തിയതാണ് റാഷിദ്. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: താഹിറ. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, റിഷാദ്, ഹബീബ.