പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശിയായ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മൂന്ന് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ് എസ്. പറഞ്ഞു. കേസിലെ മുഖ്യപ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. സ്വര്‍ണക്കടത്ത് തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും എസ്.പി. പറഞ്ഞു. കൂടുതല്‍ പേര്‍ പിടിയിലാകാന്‍ ഉണ്ട്
ആക്കപ്പറമ്ബ് സ്വദേശി കോഴിക്കാട്ടില്‍ വീട്ടില്‍ അല്‍ത്താഫ്, ആക്കപ്പറമ്ബ് കല്ലിടുമ്ബ് സ്വദേശി ചോലക്കല്‍ വീട്ടില്‍ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു, എടത്തനാട്ടുക്കര സ്വദേശി പാറക്കോട്ടു വീട്ടില്‍ അനസ് ബാബു എന്ന മണി, പൂന്താനം സ്വദേശി കോണികുഴിയില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ അലി എന്ന അലിമോന്‍, പൂന്താനം കൊണ്ടി പറമ്ബ് സ്വദേശി പുത്തന്‍ പരിയാരത്ത് വീട്ടില്‍ മണികണ്ഠന്‍ എന്ന ഉണ്ണി എന്നിവര്‍ ആണ് അറസ്റ്റിലായത്.
അലിമോന്‍, അല്‍ത്താഫ്, റഫീഖ്, എന്നിവര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്. കുറ്റകൃത്യത്തില്‍ പങ്കാളികളായ അനസ് ബാബു, മണികണ്ഠന്‍ എന്നിവരാണ് സഹായങ്ങള്‍ ചെയ്തു കൊടുത്തത്. ഒളിവില്‍ പോയ യഹിയയാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകാന്‍ ഉണ്ടെന്നും പ്രതികളെ രക്ഷപ്പെടാന്‍ സഹയിച്ചവരും പിടിയിലാകുമെന്നും എസ്.പി. പറഞ്ഞു.
സ്വര്‍ണക്കടത്ത് തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല ചെയ്യപ്പെട്ട ജലീല്‍ സ്വര്‍ണത്തിന്‍്റെ കാരിയര്‍ ആയിരുന്നു.15ന് നെടുമ്ബാശേരിയില്‍ ഇറങ്ങിയത് മുതല്‍ ജലീല്‍ ഇവരുടെ കസ്റ്റഡിയിലായിരുന്നു.
പിന്നീട് സംഭവിച്ചതിനെ പറ്റി പോലീസ് ഭാഷ്യം ഇങ്ങനെ: പ്രതികളെ ഉച്ചയോടെ പെരിന്തല്‍മണ്ണയില്‍ എത്തിച്ചു. രാത്രി ഒന്‍പതു മണി വരെ രണ്ടു കാറുകളിലായി പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി രാത്രി 10 മണിയോടെ ആക്കപ്പറമ്ബിലുള്ള വിജനമായ ഗ്രൗണ്ടില്‍ എത്തിച്ചു. പിന്നീട് സംഘത്തിലേക്ക് രണ്ടു കാറുകളിലായി എത്തിയ കുഴല്‍പ്പണ വിതരണ സംഘത്തില്‍ ഉള്‍പ്പെട്ടവരും ചേര്‍ന്ന് ആക്കപ്പറമ്ബിലെ ഗ്രൗണ്ടില്‍ വെച്ച് രാത്രി പത്തു മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ മരകായുധങ്ങളായ ഇരുമ്ബു പൈപ്പുകളും വടികളും ഉപയോഗിച്ച് കാലിലും കൈകളിലും തുടകളിലും ശരീരത്തിന് പുറത്തും യുവാവിന്റെ കൈകള്‍ പുറകോട്ട് കെട്ടി അതിക്രൂരമായി അടിച്ചും, കുത്തിയും പരിക്കേല്‍പ്പിച്ചു.
യുവാവിന്റെ കാലുകള്‍ പൊട്ടി രക്തം ഒലിക്കാന്‍ തുടങ്ങിയതോടെ ഗ്രൗണ്ടില്‍ നിന്നും എടുത്ത് കാറില്‍ കയറ്റി പുലര്‍ച്ചെ അഞ്ച് മണിയോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബു എന്ന മണിയുടെ പെരിന്തല്‍മണ്ണ ജൂബിലി റോഡിലെ ഫ്ലാറ്റിലേക്ക് മാറ്റി.
അവിടെവച്ച് സംഘത്തിലുള്ളവര്‍ തുടര്‍ച്ചയായി രണ്ടു ദിവസത്തോളം രാത്രിയിലും പകലും മാറിമാറി യുവാവിനെ ഇരുമ്ബ് പൈപ്പുകള്‍ ജാക്കി, ലിവര്‍ എന്നിവ ഉപയോഗിച്ച് ശരീരത്തില്‍ അടിച്ചും കുത്തിയും പരിക്കേല്‍പ്പിക്കുകയും കത്തികൊണ്ട് ശരീരത്തിലെ പലഭാഗങ്ങളിലായി മുറിച്ച് പരിക്കേല്‍പ്പിച്ച ശേഷം പരിക്കുകള്‍ ഗുരുതരമായി യുവാവിനെ ശരീരത്തില്‍നിന്നും രക്തം വരികയും അത് തറയിലും ബെഡിലും ആയതോടെ അനസ് ബാബു യുവാവിനെ അവിടെ നിന്നും മാറ്റാന്‍ ആവശ്യപ്പെട്ടു.
എന്നിട്ടും സംഘം യുവാവിനെ ആശുപത്രിയില്‍ ആക്കുന്നതിനോ വീട്ടില്‍ എത്തിക്കുന്നതിനോ ശ്രമിക്കാതെ സംഘത്തില്‍ ഉള്‍പ്പെട്ട മേലാറ്റൂരില്‍ മെഡിക്കല്‍ ഷോപ് നടത്തുന്ന മണികണ്ഠന്‍ എന്നയാളുടെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മുറിവ് ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകള്‍ എത്തിച്ച് ശരീരത്തില്‍ പുരട്ടി ഫ്ലാറ്റ് വൃത്തിയാക്കി പരിക്കേറ്റ യുവാവിനെ ഫ്ലാറ്റില്‍ നിന്നും മുഹമ്മദ് അബ്ദുല്‍ അലി എന്ന അലിമോന്റെ പൂപ്പലത്തുള്ള വീട്ടിലേക്കു മാറ്റി അവിടെ വെച്ചും സംഘം ക്രൂരമായി പരിക്കേല്‍പ്പിച്ചു. അവശനിലയിലായ യുവാവ് പതിനെട്ടാം തിയതി രാത്രിയോടെ ബോധരഹിതനാവുകയും ചെയ്തു.
തുടര്‍ന്ന് സംഘത്തില്‍ ഉള്‍പ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നേഴ്സിംഗ് അസിസ്റ്റന്‍റ്മാരെ കാറില്‍ യുവാവിനെ പാര്‍പ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നല്‍കി. എന്നാല് ജലീലിന്‍്റെ ബോധം തിരിച്ചു കിട്ടാതായതോടെ പത്തൊമ്ബതാം തീയതി രാവിലെ 7 മണിയോടെ മുഖ്യപ്രതിയായ യഹിയ കാറില്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ എത്തിക്കുകയും ആശുപത്രിക്കാരോട് പ്രതി ആക്കപ്പറമ്ബ് റോഡ് സൈഡില്‍ പരിക്കുപറ്റി കിടക്കുന്നത് കണ്ടു എടുത്തു കൊണ്ട് വന്നതാണെന്നും പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയാണുമുണ്ടായത്. അന്ന് രാത്രി 12 മണിയോടെ ജലീല്‍ മരിച്ചു.
സ്വര്‍ണം എന്ത് ചെയ്തെന്നും എത്ര ഉണ്ടായിരുന്നു എന്നും തുടര്‍അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. യഹിയയെ പിടികൂടിയാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ.

