തിരൂര്‍: തിരുനാവായയില്‍ യുവാവിനെ ഇരുകാലിലും ചങ്ങലയില്‍ ബന്ധിതനായ നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയാണെന്നാണ് നിഗമനം. തിരുനാവായ എടക്കുളം റോഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് ചങ്ങലയില്‍ ബന്ധിതനായ നിലയില്‍ യുവാവിനെ നാട്ടുകാര്‍ കണ്ടത്. നാട്ടുകാര്‍ പൊലീസ് വളണ്ടിയര്‍മാരായ റിയാസ് മുളക്കല്‍, ഷറഫുദ്ദീന് പല്ലാര്‍ എന്നിവരെ വിവരമറിയിച്ചു. അവശനിലയിലായ യുവാവിന് ഭക്ഷണം നല്‍കുകയും തിരൂര്‍ സി.ഐ എം.ജെ. ജിജോയെ വിവരമറിയിക്കുകയും ചെയ്തു.
ഹര്‍ത്താല്‍ തിരക്കിനിടയിലും തിരുനാവായയിലെത്തിയ ജിജോ തിരൂര്‍ ജില്ല ആശുപത്രിയിലെത്തിച്ച് യുവാവിന് ചികിത്സ ഏര്‍പ്പെടുത്തി. യുവാവിനെ ഇതിനു മുമ്ബ് പ്രദേശത്ത് കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.യുവാവ് തിരുനാവായയില്‍ ട്രെയിന്‍ മാര്‍ഗം എത്തിയതാകാമെന്നും അല്ലെങ്കില്‍ ആരെങ്കിലും വാഹനത്തില്‍ കൊണ്ടുവന്ന് ഇറക്കി പോയതായിരിക്കാമെന് കരുതുന്നതായും തിരൂര്‍ സി.ഐ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് അന്വേഷണമാരംഭിച്ചു.
