തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് രൂപമാറ്റം വരുത്തി മറ്റു യാത്രക്കാര്‍ക്കു അപകടകരമായ രീതിയില്‍ കറങ്ങിയ ജീപ്പും ബൈക്കുമാണ് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇന്‍ഷ്വറന്‍സ് ഇല്ലാതെയും നമ്പർ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയും വാഹനത്തിന്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയുമാണ് ജീപ്പ് ഓടിയിരുന്നത്.
ആവശ്യത്തിനു ലൈറ്റുകള്‍ ഇല്ലെന്നും കണ്ണഞ്ചിപ്പിക്കുന്ന കളര്‍ ലൈറ്റുകള്‍ സ്ഥാപിച്ചതായും വാഹനത്തിന്റെ കളര്‍ മാറ്റിയതായും എയര്‍ഹോണ്‍ ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കല്‍, മഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നത്. 26,000 രൂപ പിഴ ഈടാക്കി. ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി.
നമ്പർ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയും ഉച്ചത്തിലുള്ള സൈലന്‍സര്‍ ഘടിപ്പിച്ചും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകള് ഉപയോഗിച്ചും കണ്ണാടികള്‍ ഇല്ലാതെയും ആള്‍ട്ടറേഷന്‍ ചെയ്ത ബൈക്കാണ് പിടിച്ചെടുത്തത്. റോഡുകളില്‍ നിയമാനുസൃതം യാത്ര ചെയ്യുന്നവര്‍ക്കും റോഡിന് ഇരുവശങ്ങളിലുമായി താമസിക്കുന്നവര്‍ക്കും നിരന്തരം ശല്യമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയത്.