മലപ്പുറം: നാട്ടുവൈദ്യന്റെ ഷാബാഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച പുളിമുട്ടിയുടെ ഛേദിച്ച ഭാഗം കണ്ടെത്തി. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫും നൗഷാദും മരക്കച്ചവടക്കാരനായ വല്ലപ്പുഴ സ്വദേശി ഉമ്മറിൽനിന്നാണ് മീൻകച്ചവടത്തിനെന്ന പേരിൽ പുളിമുട്ടി വാങ്ങിയത്. കൂട്ടുപ്രതി നൗഷാദുമായി മുക്കട്ട പഴയ പോസ്റ്റ് ഓഫീസിനുപിന്നിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നടത്തിയ തെളിവെടുപ്പിലാണ് ഇത് കണ്ടെടുത്തത്.
നിലമ്പൂരിലെ മദാരി മില്ലിലും വി കെ സി മില്ലിലും പോയശേഷം പുളിമുട്ടി ലഭിക്കാഞ്ഞതിനാലാണ് ഉമ്മറിനടുത്ത് പ്രതികൾ വന്നത്. തിരൂർ സ്വദേശികളാണെന്നും മഞ്ചേരി പ്രദേശത്ത് ഗുഡ്സ് ഓട്ടോയിൽ മീൻകച്ചവടം തുടങ്ങാൻ പുളിമുട്ടി ആവശ്യമുണ്ടെന്നും ധരിപ്പിച്ചാണ് ഉമ്മറിൽനിന്ന് 1.5 അടി വണ്ണത്തിലും ഒരുമീറ്റർ ഉയരത്തിലുമുള്ള പുളിമുട്ടി 1500 രൂപയ്‌ക്ക് വാങ്ങുന്നത്. ഉമ്മർ മുക്കട്ട പഴയ പോസ്‌റ്റ്‌ഓഫീസിനുപിറകിലെ പറമ്പിൽനിന്ന് വിലയ്‌ക്കെടുത്ത പുളിയിൽനിന്ന് ഒരുഭാഗമാണ് വിറ്റത്. മരംമുറിച്ച് വിറ്റ സ്ഥലത്ത് എത്തി അന്വേഷകസംഘം തെളിവുകൾ ശേഖരിച്ചു.
സ്ഥലമുടമയുടെയും ഉമ്മറിന്റെയും മൊഴിയെടുത്തു. മൈസൂരു സ്വദേശിയായ നാട്ടുവൈദ്യനെ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്‌റഫും സഹായി നൗഷാദും ചേർന്ന് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിലെറിഞ്ഞുവെന്നാണ് കേസ്.