നിലമ്ബൂര്‍: മമ്പാട് ടൗണിലെ ടെക്സ്റ്റൈല്‍സ് ഗോഡൗണില്‍ കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മാന്‍റെ (29) മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ടെക്സ്റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍. മമ്പാട് സുലു ടെക്സ്റ്റൈല്‍സ് ഉടമയും മഞ്ചേരി കാരകുന്ന് സ്വദേശിയുമായ മൂലത്ത് അബ്ദുല്‍ ഷഹദ് (23), നടുവന്‍തൊടിക ഫാസില്‍ (23), കൊല്ലേരി മുഹമ്മദ് മിഷാല്‍ (22), ചിറക്കല്‍ മുഹമ്മദ് റാഫി (23), പയ്യന്‍ ഷബീബ് (28), മഞ്ചേരി പുല്‍പ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീര്‍ അലി (23), തൃക്കലങ്ങോട് മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ് റാഫി (27), മഞ്ചേരി മംഗലശ്ശേരി സ്വദേശി നമ്ബന്‍കുന്നന്‍ മര്‍വാന്‍ (23), കാരാപറമ്ബ് സ്വദേശി വള്ളിപ്പാടന്‍ അബ്ദുല്‍ അലി (36), മഞ്ചേരി നറുകര സ്വദേശി പുത്തലത്ത് ജാഫര്‍ (26), മഞ്ചേരിയിലെ വാടകസ്റ്റോര്‍ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ് (56), ഇയാളുടെ മകന്‍ മുഹമ്മദ് അനസ് (25) എന്നിവരെയാണ് നിലമ്ബൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.
നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ക്രൂരമായ ശാരീരിക പീഡനത്തെത്തുടര്‍ന്നുള്ള മാനസികസമ്മര്‍ദമാണ് മുജീബ് റഹ്മാന്‍ തൂങ്ങിമരിക്കാന്‍ കാരണമെന്നാണ് പൊലീസ് കണ്ടെത്തി. തട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ച് മര്‍ദനത്തിനും ആത്മഹത‍്യപ്രേരണക്കുമാണ് അറസ്റ്റ്. പ്രതിയായ അബ്ദുല്‍ ഷഹദിന്‍റെ ഹാര്‍ഡ്വെയേഴ്സില്‍നിന്ന് വാങ്ങിയ സാധനങ്ങളുടെ പണം തിരികെ നല്‍കാത്തതിനായിരുന്നു ക്രൂരമര്‍ദനം.
ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഒന്നാംപ്രതി ഷഹദിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുവാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ട്. ഒളിവില്‍ പോയ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.