കരുവാരക്കുണ്ട്: അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട യുവതിക്ക് കുടുംബാംഗങ്ങളുടെ മുന്നിൽവെച്ച് ദാരുണാന്ത്യം. കൽക്കുണ്ട് റിസോർട്ടിനു സമീപത്തെ ചോലയിൽ കുളിക്കാനിറങ്ങിയ ആലപ്പുഴ ചന്തിരൂർ മുളയ്ക്കപറമ്പിൽ സുരേന്ദ്രന്റെയും സുശീലയുടെയും മകൾ ആർഷ(24)യാണ് മരിച്ചത്. ബിരുദാനന്തരബിരുദ വിദ്യാർഥിനിയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ചോലയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതം കൽക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടിൽ വിരുന്നിനുവന്നതാണ്.


മഴയില്ലാതെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തെളിഞ്ഞ ഒഴുക്കുകുറവുള്ള അവസ്ഥയിലായിരുന്നു ചോല. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടായത്. ഒരുമാസം മുൻപും കൽക്കുണ്ട് മലയോരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. പുറത്തുനിന്ന് എത്തിയവർക്ക് മലയോരത്ത് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥയെക്കുറിച്ച് അറിവില്ലാതെപോയതാണ് അപകടത്തിലേക്കു വഴിവെച്ചത്. കൂടെയുണ്ടായിരുന്നവരും ഒഴുക്കിൽപ്പെട്ടെങ്കിലും അവർ രക്ഷപ്പെട്ടു.


നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കൽക്കുണ്ട് ക്രിസ്ത്യൻ പള്ളിക്കു പിറകിൽ ഒലിപ്പുഴയിലെ പാറയിൽ തങ്ങിനിൽക്കുന്നനിലയിൽ ആർഷയെ കണ്ടെത്തി. ഉടൻ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സഹോദരി: ആഗ്ര. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.


Previous Post Next Post

Whatsapp news grup