തൊട്ടുപിന്നാലെ കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിനായി തയ്യാറാക്കി അയച്ച ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടങ്ങോട്ട് ലോഗോകളുടെ ചങ്ങാതിയായി മാറി അസ് ലം. ദേശീയ, സംസ്ഥാന മേളകള്‍ക്കും ഇവന്റുകള്‍ക്കും സ്‌കൂള്‍ കലോത്സവങ്ങള്‍ക്കുമായി ലോഗോ ക്ഷണിച്ചുള്ള അറിയിപ്പുകള്‍ കണ്ടാല്‍ അസ് ലം അധ്യാപക വേഷം അഴിച്ച് വെച്ച് കലാകാരന്റെ റോളിലേക്ക് മാറും. അതോടെ മികച്ച ലോഗോ പിറക്കുകയായി. കുറഞ്ഞ വര്‍ഷത്തിനകം ഒട്ടേറെ ലോഗോകള്‍ ഈ അറബി അധ്യാപകന്റെ ഭാവനയില്‍ പിറവിയെടുത്തു. കുറ്റിപ്പുറം പാലവും നിളയും കൂടി സമന്വയിപ്പിച്ച് തയ്യാറാക്കിയ ലോഗോയാണ് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായികമേളക്കായി തെരഞ്ഞെടുത്തത്. ലഭിച്ച നാല്‍പ്പതിലേറെ എന്‍ട്രികളില്‍ സ്‌പോര്‍ട്‌സിനൊപ്പം കുറ്റിപ്പുറത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി അടയാളപ്പെടുത്തിയ ഏക ലോഗോ അസ് ലമിന്റേതായിരുന്നു.
2013ലെ ആള്‍ കേരള കിന്റര്‍ ഫെസ്റ്റ്, 2017ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം, 2018ല്‍ കണ്ണൂരില്‍ നടന്ന നാഷണല്‍ സ്‌കൂള്‍ ഗെയിംസ് തൈക്വാന്‍ഡോ ചാമ്പ്യന്‍ഷിപ്പ്, ഈ വര്‍ഷം കോഴിക്കോട്ട് നടന്ന നാഷണല്‍ ഫൂട് വോളി ചാമ്പ്യന്‍ഷിപ്പ്, തിരുവനന്തപുരത്തു നടന്ന പ്രഥമ കേരള ഒളിംബിക് ഗെയിംസ് എന്നിവയുടെയെല്ലാം ലോഗോകള്‍ അസ് ലമിന്റെ ഭാവനയില്‍ വിരിഞ്ഞവയായിരുന്നു. ഈ വര്‍ഷത്തേതടക്കം നിരവധി തവണ ജില്ലാ, സബ് ജില്ലാ കലോത്സവ, ശാസ്‌ത്രോത്സവ ലോഗോകളും തയ്യാറാക്കിയിട്ടുണ്ട്. കെ.എ.ടി.എഫ്, കെ.എസ്.ടി.യു തുടങ്ങിയ അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് തുടര്‍ച്ചയായ വര്‍ഷങ്ങളിലും ലോഗോ രൂപകല്‍പന ചെയ്തു. ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനും, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനും പുതുമോടി നല്‍കുന്ന ലോഗോകളും അസ് ലമിന്റേതാണ്. 2023ല്‍ കോഴിക്കോടു നടക്കാനിരിക്കുന്ന വേള്‍ഡ് ഫുട് വോളി ചാമ്പ്യന്‍ഷിപ്പ് ലോഗോയുടെ രചയിതാവും ഈ അധ്യാപകന്‍ തന്നെ. ലോഗോ രൂപകല്‍പ്പനക്കൊപ്പം ചിത്രരചന, കവിത, മാപ്പിള ഗാനരചനാ രംഗങ്ങളിലും സജീവമാണ്. രേഖാചിത്രങ്ങള്‍ കൂടാതെ ജലച്ചായത്തിലും, അക്രിലിക്, എണ്ണച്ചായം തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ചും ചിത്രരചന നടത്തുന്നു. നേരത്തെ സ്‌കൂളില്‍ നിന്ന് നാലാം തരം കഴിഞ്ഞു പോകുന്ന മുഴുവന്‍ കുട്ടികളുടെയും ഛായാചിത്രങ്ങള്‍ വരച്ച് കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത് വൈറല്‍ വാര്‍ത്തയായിരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പാഠ പുസ്തകങ്ങള്‍ക്കു വേണ്ടി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ലോഗോകള്‍ മാന്വലായി വരച്ചാണ് തയ്യാറാക്കിയിരുന്നത്. തിരൂരില്‍ പരസ്യ സ്ഥാപനം നടത്തുന്ന സുഹൃത്ത് അനില്‍ പഞ്ചമി ലോഗോകള്‍ കോറല്‍ ഡ്രോയില്‍ രൂപകല്‍പ്പന ചെയ്യാന്‍ പഠിപ്പിച്ചു. ഇത് ഈ രംഗത്ത് മുന്നേറാന്‍ ഏറെ സഹായകരമായി. തുമരക്കാവ് എ.എല്‍.പി സ്‌കൂളില്‍ 22 വര്‍ഷമായി അറബിക് അധ്യാപകനായ അസ് ലം മീനടത്തൂരിലെ എം.മൊയ്തീന്‍ കുട്ടിയുടേയും കോടിയേരി ഫാത്തിമയുടേയും മകനാണ്. ലോഗോ രചനയില്‍ ഭാര്യ ശബ്‌ന മെഹ്‌റ, മകന്‍ ജസീം അസ് ലം, മരുമകള്‍ ഹിദായ എന്നിവരുടെ പിന്തുണയാണ് അസ് ലമിന്റെ കരുത്ത്. പലപ്പോഴും എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട തിയ്യതി ഓര്‍മ്മിപ്പിക്കുന്നതും വരച്ചവയിലെ മികച്ചവ നിര്‍ദേശിക്കുന്നതും ഈ മൂവര്‍ സംഘമാണ്. ആത്മസുഹൃത്തായ മന്‍സൂര്‍ ഉള്‍പ്പടെയുള്ള അധ്യാപക സുഹൃത്തുക്കളുടെ പിന്തുണയും അസ് ലം വലിയ പ്രചോദനമായി കാണുന്നു. ചിത്രരചനയുടെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടില്ലെങ്കിലും കലയോടുള്ള പ്രണയമാണ് അസ് ലമിനെ ലോഗോ ഡിസനൈറായി നിലനിര്‍ത്തുന്നത്. സ്വയം ആര്‍ജിച്ചെടുത്ത കഴിവിന് വര്‍ണ്ണക്കൂട്ടിന്റെ മികവും ഭാവനയുടെ തിളക്കവും കൈവരുന്നതോടെയാണ് വ്യത്യസ്ത ലോഗോകള്‍ പിറക്കുന്നത്.