കൽപകഞ്ചേരി: 'ഞങ്ങള്‍ പോവുകയാണ്' എന്ന് ഭര്‍ത്താവിന് സന്ദേശമയച്ച യുവതിയും പിഞ്ചുമക്കളും മരിച്ച നിലയില്‍; ദുരൂഹത, അന്വേഷണ ചുമതല താനൂർ ഡി. വൈ. എസ്. പിക്ക്. വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറില്‍ മാതാവിനേയും രണ്ട് കുട്ടികളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അന്വേഷണ ചുമതല താനൂർ ഡി. വൈ. എസ്. പിക്ക്. നാവുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ് വ (26), മക്കളായ മര്‍ഷീഹ ഫാത്തിമ (4), മറിയം (1) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഫ് വയെ തൂങ്ങി മരിച്ച നിലയിലും മക്കള്‍ രണ്ടുപേരും കഴുത്തില്‍ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. സംഭവത്തിനെ പിറകിലെ ദുരൂഹത മാറ്റാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് റഷീദ് അലിയുടെ ഫോണിലേക്ക് പുലര്‍ച്ചെ 4.30 ന് സഫുവ 'ഞങ്ങള്‍ പോവുകയാണ്' എന്ന ഒരു വാട്സ്‌ആപ്പ് സന്ദേശം അയച്ചതിനു ശേഷമാണ് സംഭവം.
മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലേക്ക് കൊണ്ടുവരും എന്നാണ് അറിയാൻ കഴിയുന്നത്. ഫോറൻസിക്ക് പരിശോധന നടത്തേണ്ടതുണ്ട് എന്നതിനാൽ വീട് നിലവിൽ പോലീസ് സംരക്ഷണത്തിലാണ്. അതിരാവിലെ വന്ന ഈ വാർത്ത അക്ഷരാർത്ഥത്തിൽ പെരുമണ്ണയിലെ ചേട്ടിയാം കിണർ എന്ന പ്രദേശത്തെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്