പുറത്തൂർ: കാവിലക്കാട് അങ്ങാടിയിലെ ഓട്ടോസ്റ്റാൻഡ് മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനത്തിനെതിരേ ഡ്രൈവർമാർ. പുറത്തൂർ ഭാഗത്തേക്കുള്ള റോഡരികിലുണ്ടായിരുന്ന ഓട്ടോസ്റ്റാൻഡ് സമീപത്തെ കെട്ടിടമുടമയുടെ പരാതിയെത്തുടർന്നാണ് മാറ്റിസ്ഥാപിക്കുന്നത്.
കെട്ടിടത്തിലെ കച്ചവടകേന്ദ്രങ്ങളിലേക്കു പോകുന്നവർക്ക് ഓട്ടോ പാർക്കിങ് തടസ്സമാണെന്നു കാണിച്ച് ഉടമ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണിത് 2019-ൽ കെട്ടിടമുടമയ്ക്ക് അനുകൂലമായി ഇടക്കാല വിധി വരുകയും തുടർന്ന് കെട്ടിടത്തിനുമുന്നിലെ വൈദ്യുതത്തൂണുകൾക്കിടയിൽ ഓട്ടോ നിർത്തുന്നത് നിരോധിച്ചുകൊണ്ട് പുറത്തൂർ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. പിന്നീടാണ് ഓട്ടോസ്റ്റാൻഡ് കാവിലക്കാട് കവലയിൽനിന്ന് പിറകിലോട്ടു മാറ്റുന്നത്. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഓട്ടോഡ്രൈവർമാർ പറഞ്ഞു.
പിന്നീട് വിധിക്കെതിരേ ഓട്ടോ ഡ്രൈവർമാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ നേരത്ത പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ മാസം 20-ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി സ്ഥലപരിശോധന നടത്തി. ട്രാഫിക് എസ്.ഐ., പൊതുമരാമത്തു വകുപ്പ് ഓവർസിയർ, എ.എം. വി.ഐ., പുറത്തൂർ വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി എന്നിവർ ചേർന്ന കമ്മിറ്റിയാണ് പരിശോധന നടത്തിയത്.
നിലവിലുള്ളതുപോലെ വൈദ്യുതത്തൂണുകൾക്ക് പിന്നിലായി ഓട്ടോ പാർക്ക് ചെയ്യുന്ന രീതി തുടരാനാണ് കമ്മിറ്റി നിർദേശം നൽകിയത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. വ്യാപാരികളുമായി ചർച്ച ചെയ്ത് ഒന്നോ രണ്ടോ ഓട്ടോകൾ കാവിലക്കാട് കവലയ്ക്കടുത്തായി നിർത്താനുള്ള സാധ്യത തേടുന്നുണ്ടെന്ന് പുറത്തൂർ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.