തിരൂർ: തിങ്കളാഴ്ച രാത്രിയാണ് സംഭവം. നഗരസഭയിൽ ആറാംവാർഡിൽ 11 കെ.വി. വൈദ്യുതി കമ്പിയിൽ മരംവീണു അഞ്ച് വൈദ്യുതിത്തൂണുകൾ തകർന്നു. വീടുകൾക്ക് മീതെയും തൂണുകളും കമ്പികളും തട്ടി ദുരന്തമൊഴിവായി. തിരൂർ പെരുവഴിയമ്പലം കൈപ്പാടത്ത് പുത്തൂർ മനയിലെ കാവിലെ മരം വൈദ്യുതിക്കമ്പിയിൽ വീണതിനെത്തുടർന്നാണ് അഞ്ച് വൈദ്യുതിത്തൂണുകൾ തകർന്നത്.
മീനടത്തൂർ, തലക്കടത്തൂർ ഫീഡറുകളിലേക്ക് വൈദ്യുതി കടന്നുപോകുന്ന 11 കെ.വി. കമ്പിയാണ് മരം വീണത്. ഇതുകാരണം പൊന്മുണ്ടം, താനാളൂർ, തിരൂർ ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിലെ 20,000 ത്തോളം ഉപഭോക്താക്കൾക്ക് താത്കാലികമായി വൈദ്യുതി മുടങ്ങി. പിന്നീട് ചില ഭാഗങ്ങളിൽ മറ്റ് ഫീഡറുകളിൽനിന്ന് ഭാഗികമായി വൈദ്യുതി നൽകുകയും ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ പുതിയ വൈദ്യുതിത്തൂണുകൾ സ്ഥാപിച്ച് വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിച്ചു. ആറ് വീടുകളുടെ മുകളിലൂടെയാണ് വൈദ്യുതിക്കമ്പികൾ കടന്നുപോകുന്നത്. മരംവീണു തൂണുകൾ പൊട്ടിയതോടെ വീട്ടുകാർ പലരും മാറിത്താമസിച്ചു. തൊമ്മിൽ പടിഞ്ഞാറേ ഒറ്റയിൽ അയൂബിന്റെ വീടിന് മുകളിലേക്ക് വൈദ്യുതിത്തൂൺ ഒടിഞ്ഞുതാഴ്ന്നിരുന്നു.
സംഭവസ്ഥലം തിരൂർ നഗരസഭാ ഉപാധ്യക്ഷൻ പി. രാമൻകുട്ടി സന്ദർശിച്ചു. കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനീയർ എസ്. മായ, അസി. എൻജിനിയർ അനിൽകുമാർ, മൂന്ന് സബ് എൻജിനീയർമാർ, രണ്ട് ലൈൻ മാന്മാർ, എട്ട് കരാർ തൊഴിലാളികൾ എന്നിവർ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് വൈദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിച്ചത്.