തിരൂർ: വൃക്ക മാറ്റിവെച്ച രോഗികൾക്ക് സൗജന്യമായി മരുന്നുനൽകിയും ഡയാലിസിസ് ചെയ്തുവരുന്ന രോഗികൾക്ക് ഇതിനുള്ള സാമ്പത്തികസഹായം നൽകിയും നഗരസഭാ രോഗികൾക്ക് ആശ്വാസമേകി. നഗരസഭയിലെ വൃക്ക മാറ്റിവച്ച രോഗികൾക്ക് തുടർചികിത്സയ്ക്ക് പിന്തുണയുമായിട്ടാണ് തിരൂർ നഗരസഭ മുന്നിട്ടിറങ്ങിയത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സൗജന്യമായി മരുന്നുനൽകുന്ന പദ്ധതി പ്രാവർത്തികമാക്കിയത്.
ഇത്തരം 18 രോഗികൾ നഗരസഭയിലുണ്ട്. തുടർചികിത്സയ്ക്ക് വഴിയില്ലാതെ പ്രയാസപ്പെടുന്ന ഇവർക്കുവേണ്ടി ഏഴ് ലക്ഷം രൂപയാണ് ഈ വാർഷിക പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഡയാലിസിസ് ചെയ്യുന്ന 14 രോഗികളാണ് നഗരസഭയിലുള്ളത്. ഒരാൾക്ക് മാസത്തിൽ 4,000 രൂപ വീതമാണ് നഗരസഭ നൽകുന്നത്.
സൗജന്യ മരുന്നുവിതരണം നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനംചെയ്തു. പത്ത് ലക്ഷം രൂപയാണ് ഒരു വർഷത്തേക്ക് ഡയാലിസിസ് സഹായം നൽകാൻ നഗരസഭ നീക്കിവെച്ചത്. ഉപാധ്യക്ഷൻ പി. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. ഫാത്തിമത്ത് സജ്‌ന, കെ.കെ. സലാം, ജി. ഷെറി, വി. നന്ദൻ, പി.കെ.കെ. തങ്ങൾ, എ.കെ. സൈതാലി കുട്ടി, ജീവരാജ് എന്നിവർ പ്രസംഗിച്ചു.