തിരൂർ: തിരൂർ നഗരസഭയിലെ ഖരമാലിന്യസംസ്‌കരണ പ്രവർത്തനം ഇനി ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം നിർവഹിച്ചു. ഇതിന്റെ ഭാഗമായി ‘ഹരിതമിത്രം’ ആപ്പ് സജ്ജമാക്കി. എല്ലാ വീടുകളിലും കടകളിലും ക്യൂആർ കോഡ് പതിച്ചുകഴിഞ്ഞു. ഇത് സ്‌കാൻചെയ്താൽ മാലിന്യനീക്കം അറിയാം. മാലിന്യം നൽകിയോ, യൂസർ ഫീ നൽകിയോ, എന്നാണ് ശേഖരിച്ചത് എന്നിവയെല്ലാം ഇതിലൂടെ അറിയാം.
20 പേരിലധികമുള്ള ഹരിതസേന അംഗങ്ങളാണ് വീടുകളിൽനിന്നും കടകളിൽനിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഇത് സംസ്‌കരണകേന്ദ്രത്തിൽ കൊണ്ടുപോയി തരംതിരിക്കും. ഇവിടെനിന്ന് കയറ്റി അയയ്ക്കും. മാസത്തിൽ ഒരുതവണ എല്ലാ വീടുകളിലും കടകളിലും ഹരിതസേന അംഗങ്ങൾ എത്തും. മാലിന്യം നീക്കുന്നതിനെക്കുറിച്ച് പരാതികളുണ്ടെങ്കിൽ ഈ ആപ്പിലൂടെ നൽകാം.
തൃക്കണ്ടിയൂരിലെ ഡോ. മാധവൻ കറുത്തപാറയുടെ വീട്ടിലെത്തി ക്യൂആർ കോഡ് പതിച്ച് നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഫാത്തിമത്ത് സജ്ന അധ്യക്ഷതവഹിച്ചു.
കെ.കെ. സലാം, കെ.കെ. അബ്ദുൾസലാം, നിർമല കുട്ടിക്കൃഷ്ണൻ, ഷാനവാസ്, വി. നന്ദൻ, പി.കെ.കെ. തങ്ങൾ, ഹെൽത്ത് സൂപ്പർവൈസർ ജീവരാജ്, അഡ്വ. കെ.എ. പത്മകുമാർ, എ. സൈതാലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.