ഇടുക്കി: വളരെയേറെ സന്തോഷത്തോടെ പോയ വിനോദയാത്ര അവസാനിച്ചത് ദുരന്തത്തിലായിരുന്നു. കൊടൈക്കനാൽ- രാമക്കൽമേട് ലാണ് സംഘം യാത്ര തിരിച്ചത്. യാത്രക്കായി ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 3500രൂപ വീതം പിരിച്ചു. രണ്ട് മാസം നീണ്ട ആസൂത്രണം. അവസാന ഒരുക്കങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍. തിരൂര്‍ റീജിയണല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ യാത്രപോയത് സ്ഥാപനത്തെ അറിയിക്കാതെ. അവസാനം കുട്ടികളുടെ പുതുവത്സര ആഘോഷ യാത്ര ദുരന്തയാത്രയായി മാറി.
അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടത്തില്‍പ്പെട്ടത് തിരൂര്‍ റീജിയണല്‍ കോളജില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ്. മരണപ്പെട്ട മലപ്പുറം വളാഞ്ചേരി ആതവനാട് ചേനാടന്‍ സൈനുദ്ദീന്റെ മകന്‍ മിന്‍ഹാജ് (20) രണ്ടാം വര്‍ഷ റഫ്രിജറേഷന്‍ കോഴ്സ് വിദ്യാര്‍ത്ഥിയാണ്. .വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുതുവത്സര ആഘോഷ യാത്രക്കിടെയാണ് അപകടം നടന്നത്.
പുലര്‍ച്ചെ 1.15 ഓടെയാണ് അപകടമുണ്ടായത്. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡില്‍ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസ്സിനടിയില്‍നിന്നാണ് മിന്‍ഹാജിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രാത്രിയാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവഗണിച്ചതും അപകടത്തിന് ഇടയാക്കിയെന്നും വാഹനത്തിന് മറ്റ് തകരാറുകളില്ലെന്നും ആര്‍.ടി. ഒ വ്യക്തമാക്കി.