പൊന്നാനി: തോട്ടക്കാരൻ തിനക്കുരുവിയെ തേടി പൊന്നാനിയിലെത്തിയപ്പോൾ കണ്ടത് കേരളത്തിലാദ്യമെത്തിയ സ്പാനിഷ് കുരുവിയെ. അങ്ങാടിക്കുരുവിയോട് സാദൃശ്യമുള്ള ഇതിനെ തലയിലെ തവിട്ടുനിറവും ഉദരഭാഗത്തെ വരകളും കൊണ്ടാണ് തിരിച്ചറിയുന്നത്.
ആൺപക്ഷിയെയാണ് പൊന്നാനിയിൽ കണ്ടെത്തിയത്.കണ്ണൂരിലെ നേത്രരോഗ വിദഗ്ധനും പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഡോ. ജയൻ തോമസും അശ്വിൻ ജനാർദനനുമാണ് പൊന്നാനി കടലോരത്ത് റോഡരികിലെ പൊന്തക്കാട്ടിലിരിക്കുന്ന സ്പാനിഷ് സ്റ്റാറോയെ കണ്ടെത്തിയത്.
മെഡിറ്ററേനിയൻ, മധ്യേഷ്യൻ ഭാഗങ്ങളിൽ ജീവിക്കുന്ന ഈ പക്ഷി ഉത്തരേന്ത്യയിൽ ഗുജറാത്ത് ഭാഗത്തും മറ്റും കണ്ടിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ ആദ്യമായാണിതിനെ കണ്ടെത്തുന്നത്. അങ്ങാടിക്കുരുവിയുടെ വലുപ്പമാണിതിന്. ഇന്ത്യയിൽ ആദ്യമെത്തിയ ബഫ് ബ്രസ്റ്റഡ് സാൻഡ് പൈപ്പറിന്റെ പടമെടുത്തതും ജയൻ തോമസാണ്.