ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും ബഹളവും മറികടന്നാണ് ബില്ല് പാസാക്കിയത്. കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കുന്നത് എന്നാണു കേന്ദ്രത്തിന്റെ വിശദീകരണം
വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. തിരഞ്ഞെടുപ്പ് നടപടിക്കായി ഏത് സ്ഥലവും ഏറ്റെടുക്കാനും കമ്മിഷന് അധികാരം ലഭിക്കും
ശബ്ദവോട്ടുകളോടെയാണ് ‘ദ ഇലക്ഷന്‍ ലോസ് (അമെന്‍ഡ്മെന്റ്) ബില്‍ 2021’ സഭയില്‍ പാസായത്. അതേസമയം, ആധാര്‍ നമ്പറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, എഐഎംഐഎം, ബിഎസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
സര്‍ക്കാര്‍ നീക്കം പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു.
വോട്ടര്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനൊപ്പം ആധാര്‍ നമ്പര്‍കൂടി രേഖപ്പെടുത്തണമെന്ന് ഭേദഗതി ബില്ല് നിര്‍ദേശിക്കുന്നുണ്ട്. വോട്ടര്‍പ്പട്ടികയില്‍ നിലവില്‍ പേരുചേര്‍ത്തവരോടും തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ആധാര്‍ നമ്പര്‍ ചോദിക്കാം. എന്നാല്‍, ആധാര്‍ കാര്‍ഡോ നമ്പറോ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ ഒരാളുടെ പേര് വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്നും അത്തരം അപേക്ഷകള്‍ സ്വീകരിക്കാതിരിക്കരുതെന്നും ബില്ല് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ളവരെ മറ്റ് തിരിച്ചറിയല്‍രേഖകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നും നിര്‍ദേശിക്കുന്നു.
ഒരു വ്യക്തിയുടെ പേര് വിവിധ സ്ഥലത്തെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രശ്നം (ഇരട്ടവോട്ട്) ഒഴിവാക്കുന്നതിനാണ് വോട്ടര്‍പ്പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് ബില്ലിന്റെ ലക്ഷ്യം സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്.
വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് വര്‍ഷത്തില്‍ നാലുപ്രാവശ്യം അവസരംനല്‍കുന്ന രീതിയില്‍ സമയക്രമം നിശ്ചയിക്കണമെന്ന് ബില്ലില്‍ പറയുന്നു. ജനുവരി 1, ഏപ്രില്‍ 1, ജൂലായ് 1, ഒക്ടോബര്‍ 1 എന്നിങ്ങനെ നാല് അവസരങ്ങളില്‍ വോട്ടര്‍പ്പട്ടിക പുതുക്കുകയും പേര് ചേര്‍ക്കുകയും ചെയ്യാം. സൈനികര്‍ക്കും ജീവിതപങ്കാളികള്‍ക്കും നാട്ടിലെ വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും.