കോഴിക്കോട്: ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും ചന്ദ്രിക മുൻ ഡയറക്ടറുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഡിസംബർ 11 നു ഇദ്ദേഹത്തെ ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച്ച കോഴിക്കോടേക്ക് മാറ്റി.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപക വൈസ് ചെയര്‍മാന്‍, പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു. 1943 സെപ്റ്റംബര്‍ ആറിന് കാസര്‍കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടെയും ആയിശയുടയും മകനായാണ് പി.എ. ഇബ്രാഹിം ഹാജിയുടെ ജനനം.
1966 ൽ ഗൾഫിലേക്ക് ചേക്കേറിയ ഇദ്ദേഹം വലിയൊരു വ്യവസായ മേഖലതന്നെ കെട്ടിപ്പടുത്തു. 1999ല്‍ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്. ഇന്ത്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലും പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. മുസ്ലിം ലീഗ്, കെ. എം. സി. സി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു