തിരുവനന്തപുരം: കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് എം എ യൂസഫലി. തിരുവനന്തപുരം ലുലു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും കോട്ടയത്തും മാളുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം ഒരുക്കും. കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍നിന്ന് കടല്‍ മത്സ്യങ്ങള്‍ ശേഖരിച്ച് വിദേശത്തെ ലുലു മാളുകളില്‍കൂടി വിറ്റഴിക്കുകയാണ് പദ്ധതി. വിഴിഞ്ഞം തുറമുഖം വന്നതിനുശേഷം തിരുവനന്തപുരത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസംബ്ലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ലുലുമാളിന്റെ പ്രവര്‍ത്തനം രണ്ടുകൊല്ലത്തോളം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 220 കോടിയോളം രൂപ നിര്‍മാണം തടസപ്പെട്ടതിനെതുടര്‍ന്ന് അധികമായി വേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു മാള്‍ നാളെ ഔദ്യോഗികമായി നാടിന് സമര്‍പ്പിക്കും. പതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ശശിതരൂര്‍ എംപി, സംസ്ഥാന മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

2000 കോടി രൂപ നിക്ഷേപത്തില്‍ 20 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് ലുലുമാള്‍ പണികഴിപ്പിച്ചിരിക്കുന്നത്. ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്താണ് മാള്‍. 15,000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും.

കുട്ടികള്‍ക്കുള്ള വിനോദകേന്ദ്രമായ ഫണ്‍ട്യൂറ, സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മാളിനകം ചുറ്റിക്കറങ്ങാനുള്ള സിപ് ലൈന്‍ എന്നിവയുമുണ്ട്. 3000 കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.


Previous Post Next Post

Whatsapp news grup