● തിരുനാവായ നാവാമുകുന്ദക്ഷേത്രക്കടവിൽ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ തൃശ്ശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ പ്രദീപ്കുമാറിന്റെ ചിതാഭസ്മ നിമജ്ജനച്ചടങ്ങുകൾ ഇന്ന് രാവിലെ നടന്നു കഴിഞ്ഞ എട്ടിനാണ് വെല്ലിങ്ടണിലേക്ക് പറക്കുന്നതിനിടെ വ്യോമസേന ഹെലികോപ്റ്റർ തകർന്നുവീണത്. സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമുൾപ്പെടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരിച്ചു.
● വഴിക്കടവ് അങ്ങാടിയിൽ മാസങ്ങളായി താവളമടിച്ച കരിങ്കുരങ്ങിനെ പിടികൂടി കാട്ടിൽ വിട്ടു. രണ്ടുവയസുള്ള കുരങ്ങാണ് അങ്ങാടിയിലുള്ള ഭക്ഷണം കഴിച്ച് വഴിക്കടവിൽ കഴിഞ്ഞുകൂടിയിരുന്നത്. പൊറോട്ടയായിരുന്നു ഇഷ്ടഭക്ഷണം. കുരങ്ങനെ പിടികൂടാനുള്ള വനം വകുപ്പ് അധികൃതരുടെ ശ്രമം ഫലംകണ്ടിരുന്നില്ല.*
● എടപ്പാളിൽ മൂന്നുവർഷത്തെ ദുരിതത്തിനൊടുവിൽ എടപ്പാളിൽ 13.68 കോടിയുടെ മേൽപ്പാലമായി. എന്നാൽ പാലത്തിനുമുകളിൽ വൈദ്യുതദീപങ്ങൾ പ്രഭചൊരിയുമ്പോൾ എടപ്പാൾ ടൗൺ ഇരുട്ടിലാണ്. ടൗണിലെ റോഡുകളെല്ലാം പുതുക്കിപ്പണിതെങ്കിലും ഇവിടെ ആവശ്യത്തിനു വെളിച്ചമെത്തിക്കാനുള്ള പദ്ധതി ഇതിലുൾപ്പെടുത്തിയില്ല. മാത്രമല്ല, നിലവിലുണ്ടായിരുന്ന വെളിച്ചം കെടുത്തുകകൂടിചെയ്താണ് പദ്ധതി ഉദ്ഘാടനത്തോടടുക്കുന്നത്. മേൽപ്പാലം വരുംമുൻപ് എടപ്പാൾ ടൗണിൽ വെളിച്ചം നൽകാനായി ഗ്രാമപ്പഞ്ചായത്ത് ഏഴുലക്ഷം രൂപയുടെ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിരുന്നു. എടപ്പാളിൽ ആദ്യഘട്ടങ്ങളിൽ ചെറിയ പ്രശ്‌നങ്ങളെല്ലാമായി കുറെക്കാലം കത്താതെ കിടന്നു. പാലംപണി തുടങ്ങിയതോടെ ഈ വിളക്ക് ഇവിടെനിന്നു പറിച്ചെടുത്ത് പട്ടാമ്പി റോഡിലെ ഒരൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയിട്ടു. അവിടെ വ്യാപാരസമുച്ചയം നിർമാണമാരംഭിച്ചതോടെ അവർ അവരുടെ സൗകര്യത്തിനനുസരിച്ച് മാറ്റിയിട്ടു. അന്നുമുതൽ വെയിലും മഴയുമെല്ലാമേറ്റ് അവിടെ കിടക്കുകയാണ് ഈ വിളക്ക്.
● കുറ്റിപ്പുറത്ത് അലർജിക്ക് കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കർമസമിതി മാർച്ച് നടത്തി. കുറ്റിപ്പുറം കാങ്കപ്പുഴകടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്നയുടെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ നടപടികൾ സ്വീകരിക്കുക, കുടുംബത്തെ സംരക്ഷിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
● നിലമ്പൂർ പെരുവമ്പാടത്ത് ചെന്നായ്‌ക്കൾ ആടുകളെ കടിച്ചുകൊന്നു. ചാലിയാർ പഞ്ചായത്തിൽ പെരുവമ്പാടം ആദിവാസി കോളനിക്ക് സമീപം താമസിക്കുന്ന വടക്കേപറമ്പിൽ പങ്കജാക്ഷിയുടെ കറവുയുള്ള ആടുൾപ്പെടെ ആറ് ആടുകളെയും കുഞ്ഞുങ്ങളെയുമാണ് ചെന്നായ്‌ക്കൾ കടിച്ചുകൊന്നത്. വീടിന് സമീപമുണ്ടായിരുന്ന ആടുകളുടെ കരച്ചിൽ കേട്ട് നോക്കുമ്പോൾ ചെന്നായ്‌ക്കൂട്ടം ആടുകളെ കടിച്ചുകൊണ്ടുപോകുന്നതാണ് കണ്ടത്. പരിക്കേറ്റ ആട്ടിൻകുട്ടികൾക്ക് തള്ളയോടൊപ്പം എത്താൻകഴിഞ്ഞില്ല. തോട്ടിനരികിൽ പിന്നീട് ചത്ത നിലയിലാണ് ആടുകളെ കണ്ടെത്തിയത്. പെരുവമ്പാടം ഒ.പി. യിലെ വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ചെന്നായ്‌ക്കൾ കടിച്ചുകൊന്നതാണെന്ന് വനപാലകർ. നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും അവർ.
● എടവണ്ണ സീതിഹാജി സ്മാരക പാലത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് വിദഗ്ധസംഘം പരിശോധന തുടങ്ങി. കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് പരിശോധന നടത്തുന്നത്. സർവേ സംഘവും എൻജിനീയറിങ് വിദഗ്ധരും ഇതിൽ ഉൾപ്പെടും. ബ്രിഡ്ജ് വെഹിക്കിൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നടക്കുന്ന പരിശോധനയായതിനാൽ ഗതാഗതം വിലക്കിയിട്ടുണ്ട്. അതേസമയം പൊതുജനങ്ങളുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് കാൽനടയാത്ര അനുവദിച്ചു. എടവണ്ണയിൽ സന്നദ്ധസേവകരായ എമർജൻസി റെസ്‌ക്യൂ ഫോഴ്‌സ് അംഗങ്ങളും പോലീസ് വൊളന്റിയർമാരും ഗതാഗതക്രമീകരണങ്ങളുൾപ്പെടെയുള്ളവയ്ക്ക് സഹകാരികളായുണ്ട്. പാലത്തിന്റെ തൂണുകളിലൊന്നിന് ബലക്ഷയം ശ്രദ്ധയിൽപെട്ടതോടെയാണ് പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജ് വിഭാഗം വിദഗ്ധപരിശോധനയ്ക്ക് ശുപാർശ ചെയ്തത്. 2019-ലെ പ്രളയത്തിൽ പാലത്തിന്റെ ഒരുഭാഗത്തെ കൈവരികൾ തകർന്നിരുന്നു. സ്ലാബുകളിൽ വിള്ളലും കണ്ടെത്തി. ഇതിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയപ്പോഴാണ് തൂണുകളിലൊന്നിന് ബലക്ഷയം ശ്രദ്ധയിൽപെട്ടത്. ഇതോടെ പ്രവൃത്തി നിർത്തി അധികൃതർ വിദഗ്ധപരിശോധനയ്ക്ക് നിർദേശിക്കുകയായിരുന്നു.
● പെരിന്തൽമണ്ണയിൽ മാസങ്ങൾക്കുശേഷം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പെരിന്തൽമണ്ണ മിനി സിവിൽ സ്റ്റേഷനിലെ ജലക്ഷാമം പരിഹരിക്കണമെന്ന നിവേദനവുമായി ജീവനക്കാർ. 15-ഓളം ഓഫീസുകളിലെ ജീവനക്കാരും ഓഫീസുകളെ ആശ്രയിക്കുന്ന ജനങ്ങളും രൂക്ഷമായ പ്രശ്‌നമാണ് നേരിടുന്നതെന്ന് ജീവനക്കാർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മാസങ്ങളായിട്ടും പരിഹാരമില്ലാത്ത നടപടിയെ വികസന സമിതി യോഗം അപലപിച്ചു.
● തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാലയുടെ കായികവിഭാഗത്തിന് സ്വന്തമായി നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങി. വൈസ് ചാൻസലർ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു. സർവകലാശാലാ സെനറ്റ് ഹൗസിന് സമീപം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് അഭിമുഖമായാണ് പുതിയ കെട്ടിടം ഉയരുക. സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളും പരിശീലനങ്ങളും കെട്ടിടത്തിൽനിന്ന് വീക്ഷിക്കാനാകും. രണ്ട് നിലയും സെല്ലാർ ബ്ലോക്കും അടങ്ങുന്ന കെട്ടിടത്തിന് 5.35 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
● മലപ്പുറത്ത് മാനദണ്ഡം പാലിക്കാതെ പ്രസിദ്ധീകരിച്ച ജില്ലയിലെ എൽ.പി. സ്കൂൾ അധ്യാപകരുടെ മുഖ്യപട്ടിക മതിയായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിന്‌മുന്നിൽ തുടരുന്ന ഉദ്യോഗാർഥികളുടെ അനിശ്ചിതകാല നിരാഹാരസമരം ഏഴാംദിവസത്തിലേക്ക്. ഉദ്യോഗസ്ഥർക്ക് അഭിവാദ്യമർപ്പിച്ച് ഇ.ടി. മുഹമ്മദ്ബഷീർ എം.പി. സമരപ്പന്തലിലെത്തി. സർക്കാരിന്റേത് വിവേചനപരമായ നിലപാടാണെന്ന് ഇ.ടി. മലപ്പുറത്തോടുള്ള വിവേചനം തന്നെയാണ് പി.എസ്.സിയുടെ ഈവിഷയത്തിലും കാണുന്നത്. എൽ.പി. സ്കൂൾ അധ്യാപകരുടെ മുഖ്യപട്ടിക വലിപ്പം കൂട്ടണമെന്നും പി.എസ്.സിയുടെ തെറ്റായ നയം തിരുത്തണമെന്നും അദ്ദേഹം.