🔳കൊവിഡ്, ഒമിക്രോണ്‍ തരംഗത്തെ ചെറുക്കാന്‍ സ്‌കൂളുകള്‍ അടച്ചിടുമോ? നാളെ മൂന്നിനു  ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ തീരുമാനമുണ്ടാകും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സാങ്കേതികവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി പരിശോധിച്ച് നാളെ തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.


🔳തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകളില്‍ നാളെ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. ശനിയാഴ്ച അവധി നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഈ ജില്ലകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും.


🔳ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചു. മുകേഷ് വെര്‍മയും വിനയ് ശാക്യയുമാണു രാജിവച്ചത്. രാജിവച്ച മുന്‍മന്ത്രി സ്വാമി പ്രസാദ് മൗര്യക്കൊപ്പം ബിജെപി വിട്ട മൂന്നു മന്ത്രിമാരും ആറ് എംഎല്‍എമാരും സമാജ് വാദി പാര്‍ട്ടിയിലെത്തി. രാജിവച്ചവരെല്ലാം പിന്നാക്ക സമുദായ നേതാക്കളാണ്. പിന്നാക്ക സമുദായങ്ങളെ യോഗി സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് ഇവരെല്ലാം രാജിവച്ചത്.


🔳ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ അടക്കം 125 സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. പട്ടികയില്‍ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പ്രഖ്യാപിച്ചത്.


🔳നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീടുകളിലും സിനിമാ നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും പൊലീസ് പരിശോധന. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആലുവ പറവൂര്‍ കവലയിലെ ദിലീപിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. അടച്ചിട്ട വീടിന്റെ മതില്‍ ചാടിയാണ് അകത്തു കടന്നത്. പിന്നീട് ദിലീപിന്റെ സഹോദരി എത്തി ഉദ്യോഗസ്ഥര്‍ക്കു വീട് തുറന്നു കൊടുത്തു. ഇരുപത് അംഗ ക്രൈംബ്രാഞ്ച് സംഘം അകത്തു കയറി പരിശോധന തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന. കൊച്ചിയിലെ കമ്പനിയില്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.  


🔳കൊച്ചി കുറുപ്പംപടിയില്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി സാജു എന്ന യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. കീഴില്ലത്തെ പെട്രോള്‍ പമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.


🔳കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ നാളെ ശബരിമലയില്‍ മകരവിളക്ക്. തീര്‍ഥാടകര്‍ കുറവാണെങ്കിലും നല്ല തിരക്കുണ്ട്. കൊവിഡ് നിയന്ത്രണം പൂര്‍ണമായി പാലിക്കാനാകുന്നില്ല. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ തീര്‍ഥാടകരും വരുമാനവും വന്‍തോതില്‍ കുറഞ്ഞെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  കെ അനന്തഗോപന്‍.


🔳കവി എസ് രമേശന്‍ അന്തരിച്ചു. 69 വയസായിരുന്നു. കൊച്ചിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ശ്രദ്ധേയനായിരുന്നു. 1996 മുതല്‍ 2001 വരെ മന്ത്രി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനം ചെയ്തിരുന്നു.


🔳ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നാളെ വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ്  കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് വിധി പറയുക.  105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് വിധി പ്രസ്താവിക്കുന്നത്.


🔳സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതില്‍ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന നേതൃത്വം. ധീരജിന്റെ കൊലപാതകം, കോവിഡ് വ്യാപന നിയന്ത്രണങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ മെഗാ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരിപാടിയില്‍ പങ്കെടുത്തതിന് 550 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.


🔳ശ്രീനാരായണഗുരു ശില്‍പം അടങ്ങുന്ന കേരളത്തിന്റെ നിശ്ചല ദൃശ്യം കേന്ദ്രസര്‍ക്കാര്‍ റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് ഒഴിവാക്കിയത് അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിക്കുന്നതില്‍ പ്രതിഷേധിക്കുന്നു. തൊട്ടുകൂടായ്മയുടെ ഫ്യൂഡല്‍ പാരമ്പര്യം പിന്തുടരുന്നതുകൊണ്ടാണ് ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുള്ള നിശ്ചല ദൃശ്യത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതെന്നും കോടിയേരി ആരോപിച്ചു.  


🔳കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി 24 ന് പരിഗണിക്കും ഗോപിനാഥ് രവീന്ദ്രന് വിസിയായി തുടരാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അപ്പീല്‍ സമര്‍പ്പിച്ച ഡിവിഷന്‍ ബഞ്ചാണ് കേസ് 24 ലേക്കു മാറ്റിയത്.


🔳കോവളം തീരത്ത് 60 കിലോയോളം ഭാരം വരുന്ന തിമിംഗല ഛര്‍ദ്ദി എന്നറിയപ്പെടുന്ന ആംബര്‍ ഗ്രീസ്. സുഗന്ധദ്രവ്യ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തിമിംഗല ഛര്‍ദ്ദിലിന് വിപണിയില്‍ കിലോക്ക് ഒരു കോടിയില്‍പ്പരം രൂപ വിലയുണ്ട്. തിമിംഗലങ്ങള്‍ ഛര്‍ദ്ദിക്കുമ്പോഴോ അവ ചത്തുപോകുമ്പോഴോ ആണ് ഇതു കരക്കടിയുന്നതെന്ന് വിഴിഞ്ഞത്തെ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ഇത്ര വലിപ്പമുള്ള തിമിംഗ ഛര്‍ദ്ദി കേരളത്തില്‍ ആദ്യമാണ്.


🔳സഹോദരനു സന്ദേശമയച്ചശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്തു. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീല(28) ആണ് മരിച്ചത്. വിദേശത്തുള്ള ഭര്‍ത്താവ് ഒരുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മലപ്പുറം സ്വദേശിയായ യുവാവ് ഷഫീലയെ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.


🔳ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22) യാണ് മരിച്ചത്. തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ്. ആറ് മാസം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു.


🔳മലപ്പുറം എടവണ്ണയില്‍ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ അയല്‍വാസിയായ സ്ത്രീ തീ കൊളുത്തിക്കൊന്നെന്ന് ആരോപണം. രണ്ടു സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സാജിദ് എന്ന ഷാജിയുടെ വീടിനരികില്‍ താമസിക്കുന്ന സാറാബി, മകള്‍ സാഫിയ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.


🔳മലപ്പുറം പത്തപ്പിരിയത്ത് അര്‍ധരാത്രി കേസന്വേഷണത്തിനു വന്ന പോലീസ് വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടച്ചുതകര്‍ത്തെന്ന് പരാതി. ഫുട്ബോള്‍ കളിയെച്ചൊല്ലിയുണ്ടായ അടിപിടി കേസില്‍ ജാമ്യമെടുത്ത അര്‍ഷദ് എന്ന യുവാവിന്റെ വീട്ടുകാരാണ് എസ്പിക്കു പരാതി നല്‍കിയത്. ജാമ്യമെടുക്കാത്ത കൂട്ടുപ്രതിയുടെ വിവരം തേടി രാത്രി ഒരു മണിക്കു വീട്ടിലെത്തിയതാണു പോലീസ്. രാത്രിയായതിനാല്‍ വീട്ടുകാര്‍ വാതില്‍ തുറന്നില്ല. ഇതില്‍ പ്രകോപിതരായാണ് പോലീസ് സംഘം ജനല്‍ തകര്‍ത്തതെന്നാണു പരാതി.


🔳എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖില്‍, പന്ത്രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ്  ജാമ്യം അനുവദിച്ചത്.


🔳അഡ്വ. എ. ജയശങ്കറിന്റെ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കാന്‍ സിപിഐ തീരുമാനിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടു ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനാലാണ് അംഗത്വം പുതുക്കാതിരുന്നത്. ജയശങ്കര്‍ നല്‍കിയ വിശദീകരണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തിയശേഷമാണ് അംഗത്വം പുതുക്കി നല്‍കാന്‍ തീരുമാനിച്ചത്.


🔳നടി കെപിഎസി ലളിത തൃശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള വസതിയില്‍നിന്നു പടിയിറങ്ങി. മകന്‍ സിദ്ധാര്‍ത്ഥിന്റെ എറണാകുളത്തുള്ള ഫ്ളാറ്റിലാണ് ഇനി താമസിക്കുക. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം ഏതാനും ആഴ്ചകളായി എങ്കക്കാട്ടെ 'ഓര്‍മ' എന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആരോഗ്യം മോശമാകുകയും ഓര്‍മശേഷി കുറയുകയും ചെയ്തതോടെയാണ് എറണാകുളത്തെ വസതിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചത്.


🔳തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എട്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കു കോവിഡ്. ഓപറേഷന്‍ തിയേറ്റര്‍ അടച്ചു. അടിയന്തര ചികില്‍സ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രമേ ആശുപത്രിയിലേക്കു പ്രവേശനം അനുവദിക്കുന്നുള്ളൂ.


🔳കണ്ണൂര്‍ വിമാനത്താവളത്തില്‍ 68 ലക്ഷം രൂപ വിലവരുന്ന 1.4 കിലോ സ്വര്‍ണം പിടികൂടി. കാസര്‍കോട് സ്വദേശി മൊയ്തീന്‍കുഞ്ഞിയെ അറസ്റ്റു ചെയ്തു.


🔳എംഎസ്എഫില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിനെ സ്ഥാനത്തുനിന്നു നീക്കി. എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹരിത വിഷയത്തില്‍ പി.കെ. നവാസ് വിരുദ്ധ പക്ഷത്തായിരുന്നു ലത്തീഫ് തുറയൂര്‍. നിലവിലെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ആബിദ് ആറങ്ങാടിക്ക് പകരം ചുമതല നല്‍കി.


🔳തിരുവനന്തപുരം ശംഖുമുഖം ക്ഷേത്രത്തിലെ മണി സ്തൂപം നിര്‍മിക്കുന്നത് കുരിശാകൃതിയിലാണെന്ന് ആരോപണം. നിര്‍മാണത്തിനു നാലു ലക്ഷം രൂപ മുടക്കുന്ന സ്പോണ്‍സറെ ചിലര്‍ വിളിച്ചുപറഞ്ഞ് നിര്‍മാണം നിര്‍ത്തിവയ്പിച്ചു. പരാതിക്കു പിന്നില്‍ സ്ഥാപിത താല്‍പ്പര്യമുള്ളവരാണെന്നാണ് ക്ഷേത്രം ഉപദേശക സമിതി.


🔳കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ രാജ്യത്തെ മെഡിക്കല്‍ കോളജുകളുടെ എണ്ണം 54 ശതമാനം വര്‍ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. '2014 ല്‍ 387 മെഡിക്കല്‍ കോളജുകളായിരുന്നു. ഇപ്പോഴത് 596 മെഡിക്കല്‍ കോളേജുകളായി ഉയര്‍ന്നു. ഏഴ് എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ എയിംസുകളുടെ എണ്ണം 22 ആയി.'' തമിഴ്‌നാട്ടില്‍ 11 മെഡിക്കല്‍ കോളജുകളും ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസും  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.


🔳ദുബൈയിലെ ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.  ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


🔳ന്യൂയോര്‍ക്കിലെ ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിലേക്കു മാറ്റിവച്ചത് വൈദ്യശാസ്ത്ര രംഗത്തു ചരിത്രമെന്നു പ്രശംസിക്കപ്പെട്ടു. എന്നാല്‍ 25 വര്‍ഷം മുമ്പ് 1997 ല്‍ ഇതേ ശസ്ത്രക്രിയ പരീക്ഷിച്ച മറ്റൊരു ഡോക്ടറുണ്ട്. ഡോ. ധാനിറാം ബറുവ. ഹൃദയത്തില്‍ ദ്വാരമുണ്ടായിരുന്ന രോഗിയിലാണ് പന്നിയുടെ ഹൃദയം തുന്നിച്ചേര്‍ത്തത്. ഹോങ്കോങ്ങിലെ ഹൃദയശസ്ത്രക്രിയ വിദഗ്ധനായ ഡോ ജോനാഥന്‍ ഹോയുടെ പിന്തുണയോടെയാണ് ധാനിറാം ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കു വിധേയനായയാള്‍ അണുബാധമൂലം മരിച്ചു. ജനങ്ങള്‍ ഇവരുടെ ഗവേഷണ കേന്ദ്രം അടിച്ചു തകര്‍ത്തു. ഇരു ഡോക്ടര്‍മാരേയും നിയമവിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന് അറസ്റ്റു ചെയ്യുകയും ചെയ്തു. ആറു വര്‍ഷം മുമ്പ് തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ആസാമില്‍ വിശ്രമജീവിതത്തിലാണ് 72 കാരനായ ഡോ ബറുവ.


🔳ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍. ഫൈനലില്‍ കരുത്തരായ യുവന്റസിനെ തകര്‍ത്താണ് ഇന്റര്‍ കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇന്ററിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇന്റര്‍ തിരിച്ചടിക്കുകയായിരുന്നു.


🔳ടോട്ടനം ഹോട്‌സ്പറിനെ തകര്‍ത്ത് ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ച് ചെല്‍സി. രണ്ടാം പാദ സെമി ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍സിയുടെ വിജയം.


🔳ആവേശം വാനോളമുയര്‍ന്ന സ്പാനിഷ് സൂപ്പര്‍കപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. എക്‌സ്ട്രാ ടൈം വരെ നീണ്ട എല്‍ ക്ലാസിക്കോ മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ഈ ജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ഇടം നേടി.


🔳ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസിന്റെ ലാഭം കുതിച്ചുയര്‍ന്നു. ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദവാര്‍ഷികത്തില്‍ 9769 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്കുണ്ടായത്. മുന്‍വര്‍ഷം ഇതേ കാലത്തെ അപേക്ഷിച്ച് 12.3 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 8701 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭം നേടിയത്. സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദവാര്‍ഷികത്തില്‍ 9624 കോടി രൂപയായിരുന്നു ലാഭം. സെപ്തംബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 48885 കോടി രൂപയായി ഉയര്‍ന്നു.


🔳ഏഷ്യയിലെ അതിസമ്പന്നന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ചാന്‍ഗ്‌പെങ് ഷാവോ. ബിനാന്‍സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ മേധാവിയാണ് ആസ്തിയുടെ കാര്യത്തില്‍ അംബാനിയെ മറിടന്നത്. ബ്ലുംബെര്‍ഗ് ബില്യണേഴ്സ് സൂചികയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം ഷാവേയുടെ ആ്സതി 9,650 കോടി ഡോളറാണ്. അതേസമയം അംബാനിയുടെ ആസ്തി 9,330 കോടി ഡോളറും.


🔳ബോളിവുഡില്‍ വേറിട്ട ഒട്ടേറെ ചിത്രങ്ങളാല്‍ പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് ഭൂമി പെഡ്നെകര്‍. ഭൂമി പെഡ്നെകര്‍ നായികയാകുന്ന ചിത്രമാണ് 'ദ ലേഡി കില്ലര്‍'. ഭൂമി പെഡ്നെകര്‍ അഭിനയിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് 'ദ ലേഡി കില്ലര്‍'. അര്‍ജുന്‍ കപൂര്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. അദയ് ഭാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായിരിക്കും  ദ ലേഡി കില്ലര്‍.


🔳അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'മധുരം'. ജോജു ജോര്‍ജ് നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.  ജോജുവിന്റെ മധുരം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍. റം പം പം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹേഷം അബ്ദുള്‍ വഹാബ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതപ്പോള്‍ ആലാപനം ആര്യാ ദയാലാണ്.  ശ്രുതി രാമചന്ദ്രന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.


🔳ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സ് തങ്ങളുടെ പുതിയ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ വെനീസ്  പുറത്തിറക്കി. കൊമാക്കിയുടെ രാജ്യത്തെ അതിവേഗ പോര്‍ട്ട്‌ഫോളിയോയിലെ അഞ്ചാമത്തെ മോഡലായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍. ഒമ്പത് വ്യത്യസ്ത വര്‍ണ്ണ സ്‌കീമുകളില്‍ ഇത് വാഗ്ദാനം ചെയ്യും. കൊമാകി വെനീസ്, അതിന്റെ ട്രെന്‍ഡി സൗന്ദര്യാത്മക സവിശേഷതകളാല്‍ വേറിട്ട് നില്‍ക്കുന്നു.


🔳മനുഷ്യത്വമെന്നാല്‍ എന്താണെന്നതിന്റെ ഉത്തരങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്ന വായനയും പുസ്തകങ്ങളും സാഹിത്യവും എഴുത്തും എഴുത്തുകാരും പ്രമേയമാകുന്ന ലേഖനങ്ങള്‍. സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ എഴുത്തുകാരന്റെ ലേഖനസമാഹാരം. 'ലോകം അവസാനിക്കുന്നില്ല'. അജയ് പി. മങ്ങാട്ട്. മാതൃഭൂമി. വില 240 രൂപ.


🔳അതിവേഗം പരക്കുന്ന കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം കടുത്ത രോഗതീവ്രത ഉണ്ടാക്കുന്നില്ല എന്നത് ലോകമെങ്ങുമുള്ള ഗവണ്‍മെന്റുകള്‍ക്കും ആരോഗ്യ സംവിധാനങ്ങള്‍ക്കും ആശ്വാസം പകരുന്ന കാര്യമാണ്. എന്നാല്‍ മുതിര്‍ന്നവരെ സംബന്ധിച്ച് ഇത് ശരിയാകാമെങ്കിലും കുട്ടികളുടെ കാര്യം അങ്ങനെയല്ലെന്ന് ചില ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത പനി, വിറയല്‍ പോലുള്ള ലക്ഷണങ്ങള്‍ കോവിഡ് ബാധിതരായ കുട്ടികളില്‍  കണ്ടു വരുന്നതായി ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ പീഡിയാട്രിക് പള്‍മനോളജിസ്റ്റ് ഡോ. ധിരേന്‍ ഗുപ്ത പറയുന്നു. 11 മുതല്‍ 17 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികളിലാണ് ഇത്തരം ലക്ഷണങ്ങള്‍ നിരീക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളും  ഉയര്‍ന്ന ഡിഗ്രി പനിയും വിറയലുമൊക്കെയായി കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ മൂലമുള്ള അണുബാധയുടെ തീവ്രത മുതിര്‍ന്നവരില്‍ കുറയുമ്പോള്‍  കുട്ടികളില്‍ ഇത് നേരെ തിരിച്ചാണോ എന്ന ആശങ്കയും  ഉയരുന്നുണ്ട്. ഒമിക്രോണ്‍ വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശ നാളിയുടെ മേല്‍ഭാഗത്തെയാണെന്നും ഡോ. ഗുപ്ത പറയുന്നു. ഇത് മൂലം ജലദോഷം, തലവേദന, മൂക്കൊലിപ്പ്, വിറയലോട് കൂടിയ പനി തുടങ്ങിയ ലക്ഷണങ്ങള്‍ പൊതുവേ കാണപ്പെടുന്നു. വാക്സീന്‍ എടുത്തവരിലും ആരോഗ്യവാന്മാരിലും ഒമിക്രോണ്‍ രോഗലക്ഷണങ്ങള്‍ക്ക് വാക്സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് തീവ്രത കുറവാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 73.88, പൗണ്ട് - 101.46, യൂറോ - 84.71, സ്വിസ് ഫ്രാങ്ക് - 80.96, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.95, ബഹറിന്‍ ദിനാര്‍ - 196.01, കുവൈത്ത് ദിനാര്‍ -244.66, ഒമാനി റിയാല്‍ - 191.94, സൗദി റിയാല്‍ - 19.69, യു.എ.ഇ ദിര്‍ഹം - 20.12, ഖത്തര്‍ റിയാല്‍ - 20.30, കനേഡിയന്‍ ഡോളര്‍ - 59.17.

Previous Post Next Post

Whatsapp news grup