മലപ്പുറം: ജില്ലയുടെ പ്രവേശന കവാടമായ പുലാമന്തോൾ പാലത്തിൽ വാഹന വകുപ്പ് അധികൃതർ സ്ഥാപിച്ച നിരീക്ഷണ ക്യാമറ പ്രവർത്തനം തുടങ്ങി. ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സ്ഥാപിച്ച ക്യാമറയുടെ നിയന്ത്രണം തിരൂർ കൺട്രോൾ റൂമിലാണ്. നിരീക്ഷണ ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ നിയമ ലാംഘകരായ നിരവധി പേരാണ് ക്യാമറയിൽ കുടുങ്ങുന്നത്.
പ്രധാനമായും ഹെൽമെറ്റ് ധരിക്കാത്തവർ, നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചവർ, അനുവദിച്ചതിലും കൂടുതൽ പേരുമായി യാത്ര ചെയ്യുന്നവർ തുടങ്ങിയവരാണ് ട്രാഫിക് പോലീസിന്റെ ഈ ക്യാമറയിൽ കുടുങ്ങുന്നത്. പലർക്കും തങ്ങളുടെ നിയമ ലംഘനവും അതിനുള്ള പിഴ ഈടാക്കുന്നതും മനസിലാകുന്നത് വാഹന വകുപ്പിൽ നിന്നുള്ള ഫോൺ വിളി എത്തുമ്പോഴാണ്.
നിരവധി പേരിൽ നിന്നാണ് ഇത്തരത്തിൽ അധികൃതർ പിഴ ഈടാക്കിയിട്ടുള്ളത് ജില്ലയിൽ കുറ്റ കൃത്യങ്ങൾക്ക് തടയിടുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ജില്ലയുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ രാത്രി കാലങ്ങളിൽ പോലും വളരെ വ്യക്തമായ ചിത്രങ്ങൾ പതിപ്പിക്കുന്ന ശക്തി ഏറിയ നിരീക്ഷണ ക്യാമറകൾ ജില്ലയിൽ പ്രവേശിക്കുന്നവരെയും ജില്ല വിട്ട് പുറത്ത് പോകുന്നവരെയും നിരീക്ഷിക്കുന്നതിന് ഒപ്പം വിവിധ കുറ്റ കൃത്യങ്ങൾ കണ്ടെത്താനും സഹായിക്കും. ജില്ലയിലേക്ക് പ്രവേശിക്കുന്ന പ്രധാന ഇടങ്ങളായ പുലാമന്തോൾ, തൂത, തിരുവേഗപ്പുറ, കരിങ്കല്ലത്താണി തുടങ്ങിയ സ്ഥലങ്ങളിലും പാലങ്ങളിലുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.