വളാഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
മലപ്പുറം ജില്ലയിലെ പ്രധാന അപകട മേഖലയായ വട്ടപ്പാറ വളവും രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന വളാഞ്ചേരി നഗരവും പൂര്‍ണമായും ഒഴിവാക്കിയാണ് പാത കടന്നുപോകുന്നത്.
വട്ടപ്പാറ വളവും വളാഞ്ചേരി നഗരവും പൂര്‍ണമായും ഒഴിവാക്കാനായി വലിയ വയഡക്റ്റാണ് (കരയില്‍ നിര്‍മിക്കുന്ന പാലം) നിര്‍മിക്കുക. നാല് കിലോമീറ്ററിലധികം വരുന്ന പുതിയ പാതയില്‍ രണ്ട് കിലോമീറ്ററോളം വയഡക്റ്റാണ്.
ആറുവരി പാതയില്‍ വയഡക്റ്റിന് പുറമേ ചെറുപാലങ്ങളും അടിപ്പാതകളും നിര്‍മിക്കും. വയലുകള്‍ക്കും തോടുകള്‍ക്കും മുകളിലൂടെയാകും പാത കടന്നുപോകുക. പാത കടന്നുപോകുന്ന സ്ഥലത്തെ നിലമൊരുക്കല്‍ ജോലിയാണ് ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. കാപ്പിരിക്കാട് വരെയുള്ള റീച്ചിലാണ് വളാഞ്ചേരിയിലെ പ്രവൃത്തി നടക്കുന്നത്.
ദേശീയപാതയില്‍ പഴയ സി ഐ ഓഫീസ് കഴിഞ്ഞ് വട്ടപ്പാറ ഇറക്കത്തിലെ നിസ്കാര പള്ളിക്ക് സമീപത്ത് നിന്നാണ് നിലവിലെ പാതയില്‍നിന്നും മാറി പുതിയ പാത പോകുക. വയല്‍ പ്രദേശത്തിലേക്കിറങ്ങുന്ന പാത ഓണിയല്‍ പാലം കഴിയുന്നിടത്ത് നിലവിലെ ദേശീയപാതയില്‍ വന്ന് ചേരുന്നവിധമാണ് നിര്‍മിക്കുന്നത്.
അതേസമയം കഞ്ഞിപ്പുര മൂടാല്‍ ബൈപ്പാസ് പ്രവൃത്തി പുരോഗമിക്കുകയാണ്. നിലവിലെ റോഡ് വീതീ കൂട്ടുന്നതിനോടൊപ്പം ചെങ്കുത്തായ കയറ്റങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് ബൈപ്പാസ് നിര്‍മാണം പുരോഗമിക്കുന്നത്.
ഇരുപാതകളും യാഥാര്‍ഥ്യമാകുന്നതോടെ അപകടങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ വട്ടപ്പാറ വളവില്‍നിന്നും രൂക്ഷമായ ഗതാഗതകുരുക്ക് നേരിടുന്ന വളാഞ്ചേരി നഗരത്തില്‍ മാറി യാത്ര ചെയ്യാനാകുമെന്ന അശ്വാസത്തിലാണ് യാത്രക്കാരും നാട്ടുകാരും.