പൊന്നാനി നഗരസഭയെയും പടിഞ്ഞാറെക്കര ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന യാത്ര ബോട്ട് സര്‍വിസ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും.
യാത്ര ബോട്ടിന്റെ രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് സര്‍വിസ് പുനരാരംഭിക്കാൻ നടപടിയായത്. വിദ്യാര്‍ഥികളും മത്സ്യത്തൊഴിലാളികളുമുള്‍പ്പെടെ ആശ്രയിച്ചിരുന്ന പൊന്നാനി-പടിഞ്ഞാറെക്കര ബോട്ട് സര്‍വിസാണ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കുന്നത്. ഇൻ ലാൻഡ് നാവിഗേഷൻ സര്‍ട്ടിഫിക്കറ്റും ലസ്കര്‍ തസ്തികയില്‍ ജീവനക്കാരനെയും നിയമിച്ച് ബോട്ടിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് സര്‍വിസിന് അനുമതി ലഭ്യമായത്.
താനൂര്‍ ബോട്ടപകടത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ ലസ്കറില്ലാതെയാണ് സര്‍വിസ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിവെക്കാൻ നിര്‍ദേശവും നല്‍കി. ഇതിനിടെ താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്ന് പൊന്നാനി പോര്‍ട്ട് ഓഫിസര്‍ അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ സര്‍വിസ് അവതാളത്തിലായി. പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പുറത്തൂരില്‍നിന്നുള്ള സ്വകാര്യ വ്യക്തിയാണ് താല്‍ക്കാലിക ബോട്ട് സര്‍വിസ് നടത്തിയിരുന്നത്. എന്നാല്‍, ബോട്ട് നിര്‍ത്തലാക്കിയതോടെ നിരവധി യാത്രക്കാരാണ് പ്രയാസത്തിലായത്.
അതേസമയം, പൊന്നാനി-പടിഞ്ഞാറെക്കര റൂട്ടില്‍ ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കാനുള്ള നീക്കവും നഗരസഭ നടത്തുന്നുണ്ട്. ജങ്കാര്‍ സര്‍വിസ് നടത്തുന്നവരുമായി ബന്ധപ്പെട്ട് ജങ്കാര്‍ പൊന്നാനിയിലെത്തിച്ച് പുനരാരംഭിക്കാനാണ് ശ്രമം. നേരത്തേയുള്ള ജങ്കാറിന് യാത്ര കൂലിയില്‍ വര്‍ധന ആവശ്യപ്പെട്ടതാണ് സര്‍വിസ് നിലക്കാനിടയാക്കിയത്.