തവനൂരിലും പൊന്നാനിയിലും നടപ്പാക്കുന്നത് കോടി കണക്കിന് രൂപയുടെ വികസന പദ്ധതികൾ . കിഫ് ബിയിൽ നിന്ന് അനുവദിച്ച 53 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന തിരുന്നാവായ- തവനൂർ പാലം പ്രവൃത്തിയ്ക്കായി ടെൻഡറായി. 42 കോടി രൂപയുടെ പുറത്തൂർ - കൂട്ടായി നായർ തോട് പാലം പ്രവൃത്തിക്കായി ഇൻലാന്റ് നാവിഗേഷന്റെ അനുമതിയുമായി.
രണ്ടാം ഘട്ട ടെൻഡർ നടപടിയുമായി. 258 കോടി രൂപയുടെ ഹൗറ മോഡൽ പാലം പ്രവൃത്തിക്കായി ആഗോള ടെൻഡർ വിളിക്കാൻ നടപടിയായിരിക്കുകയാണ്. സ്ഥലമേറ്റെടുക്കുന്നതിനും അനുകൂല സാഹചര്യവുമൊരുങ്ങി. എടപ്പാൾ ഐ.ടി.ഐ, 18 കോടി രൂപ ചെലവിൽ നിർമ്മിച്ച അസാപ്പ് സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും ഡോ. കെ.ടി ജലീൽ എം.എൽ.എ എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
ഒരു കിലോമീറ്റർ ദൂരത്തിൽ കോൾ നിലങ്ങളിലൂടെ സ്ഥാപിക്കുന്ന ഒളക്കടവ് - മാറഞ്ചേരി പാലം പ്രവൃത്തി 40 ശതമാനം പൂർത്തിയായെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉടൻ ഉന്നത തല യോഗം ചേരുമെന്നും ഒന്നര വർഷത്തിനുള്ളിൽ പാലം പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡോ.കെ.ടി ജലീൽ എം.എൽ.എ വ്യക്തമാക്കി.
2016ലാണ് എടപ്പാൾ മേൽപ്പാലത്തിനായി സർക്കാർ 13.5 കോടി കിഫ് ബി മുഖേന അനുവദിച്ചത്. പ്രളയവും കോവിഡും തീർത്ത പ്രതിബദ്ധങ്ങളെയെല്ലാം അതിജീവിച്ചാണ് എടപ്പാൾ മേൽപ്പാലം യാഥാർത്ഥ്യമാക്കിയതെന്നും കെ.ടി ജലീൽ എം.എൽ.എ പറഞ്ഞു.
കോടി കണക്കിന് രൂപയുടെ പദ്ധതികളാണ് ടൂറിസം രംഗത്ത് പൊന്നാനിയിൽ നടപ്പാക്കുന്നതെന്ന് പി നന്ദകുമാർ എം.എൽ.എ പറഞ്ഞു. ഹൗറ പാലം പൊന്നാനിയ്ക്ക് നഷ്ടപ്പെടുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും പദ്ധതി ഒരിക്കലും പൊന്നാനിയ്ക്ക് നഷ്ടപ്പെടില്ലെന്നും എം.എൽ.എ വ്യക്തമാക്കി. കിഫ്ബി എന്തിനാണെന്ന ചോദ്യത്തിനുള്ള മറുപടിയാണ് എടപ്പാൾ മേൽപ്പാലം ഉൾപ്പെടെയുള്ള പദ്ധതികളെന്നും എം.എൽ.എ പറഞ്ഞു. പൊതു മരാമത്ത് പ്രവൃത്തികളുടെ മണ്ഡലം തലത്തിലുള്ള കൃത്യതയാർന്ന അവലോകനവും നിരീക്ഷണവും മറ്റു വകുപ്പുകളിലും ഉണ്ടാകേണ്ടതാണെന്നും പി നന്ദകുമാർ എം.എൽ.എ കൂട്ടിച്ചേർത്തു.