തിരൂർ : കോർട്ട് റോഡിലെ സ്റ്റേഷനറി കടയിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങളുമായി കടയുടമ പിടിയിൽ. കോർട്ട് റോഡിലെ ഷെഫീഖ് സ്റ്റോറിൽനിന്നാണ് അരലക്ഷം രൂപ വിലവരുന്ന പാൻപരാഗ് അടക്കമുള്ളവ തിരൂർ പൊലീസ് പിടികൂടിയത്. കടയുടമ ആലിങ്ങൽ കൈമലശ്ശേരി ചങ്ങപ്പറമ്പിൽ ഷെരീഫിനെയാണ് ( 39 ) അറസ്റ്റ് ചെയ്തത്.
ആയിരത്തിലധികം നിരോധിത പുകയില ഉൽപന്നങ്ങളാണ് എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ കടയിൽ നിന്നും പിടികൂടിയത്. ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾക്കെതിരെ നടക്കുന്ന അന്വേഷണ ഭാഗമായാണ് പരിശോധന. പ്രതി മുമ്പും സമാന കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.