തിരൂർ: ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. രാത്രി 7 മണിയോടെയാണ് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്.
ലിഫ്റ്റിന് ഭാരം കൂടിയതാണ് പൊട്ടിവീഴാൻ കാരണമെന്നാണ് സൂചന. പതിനഞ്ച് പേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിലെ രോഗികളും ബന്ധുക്കളുമായി ലിഫ്റ്റിലുണ്ടായിരുന്നത്. നാലാം നിലയിൽ നിന്നാണ് ലിഫ്റ്റ് പൊട്ടിവീണത്.
തിരുന്നാവായ സൗത്ത് പല്ലാർ സ്വദേശി മണ്ണുപ്പറമ്പിൽ സുലൈമാൻ(46), കൽപ്പറ്റ സ്വദേശിനി പാലക്കപ്പറമ്പിൽ സഫിയ (53), കാടാമ്പുഴ സ്വദേശിനി കോതങ്ങത്ത്പറമ്പിൽ സ്വാലിഹ് എന്നിവരാണ് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലുള്ളത്.
ആളുകൾ കയറിയ ഉടൻ രണ്ട് പ്രാവശ്യം ലിഫ്റ്റിന്റെ വാതിൽ തുറക്കുകയും തുടർന്ന് വാതിൽ അടഞ്ഞയുടൻ വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. ആളുകൾ ബഹളം വച്ചതിനെ തുടർന്ന് ലിഫ്റ്റ്ഓപ്പറേറ്റർമാർ ഓടിയെത്തി ലിഫ്റ്റിന്റെ വാതിൽ തുറന്നാണ് രക്ഷപ്പെടുത്തിയത്. അഞ്ച് പേർക്ക് നിസാര പരുക്കേറ്റു. ലിഫ്റ്റ് ബെൽറ്റ് പൊട്ടിയതാണ് അപകട കാരണമെന്നാണ് സൂചന. 2020 ലാണ് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനം ആരംഭിച്ചത്. ചില തകരാറിനെ തുടർന്ന് കഴിഞ്ഞ വർഷം അറ്റകുറ്റപണികൾ നടത്തിയിരുന്നു.