തിരൂര്‍: ലഹരി മാഫിയയുടെ താവളമായി തിരൂര്‍ ബസ് സ്റ്റാന്‍ഡ് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന സ്റ്റാന്‍ഡ് മയക്കുമരുന്നുകളും കഞ്ചാവും ലഭിക്കുന്ന സ്ഥലമായി മാറിയെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇവിടെ എട്ട് സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും നിലവില്‍ ഒന്നു പോലും പ്രവര്‍ത്തിക്കുന്നില്ല. ഇത് ലഹരി മാഫിയകള്‍ക്ക് ഏറെ സഹായകരമാണ്. ലഹരി ഉത്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതായും നാട്ടുകാര്‍ പറയുന്നു.

ഇവിടെ തിരുര്‍ പൊലീസിന്റെ എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഡ്യൂട്ടിയില്‍ ഉണ്ടാകുന്ന പൊലീസിന്റെ ശ്രദ്ധ ഇവിടേക്ക് എത്താറില്ല. സി.സി.ടി.വി കാമറ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ എയ്ഡ് പോസ്റ്റിലെ ടി.വിയില്‍ ഇത്തരം സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ കാണാനാകുകയും നടപടി സ്വീകരിക്കാനും കഴിയുമായിരുന്നു. ആ സമയങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ ബസ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നതും കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുട്ടിയാല്‍ സ്റ്റാന്‍ഡിലേക്ക് സ്റ്റീകള്‍ക്കും കുട്ടികള്‍ക്കുമടക്കം കയറാന്‍ ഭയമാണ്. സി.സി.ടി.വി കാമറ പുനസ്ഥാപിച്ചും കൂടുതല്‍ പൊലീസ് സേനയെ സ്റ്റാന്‍ഡില്‍ നിയമിച്ചും ബസ് സ്റ്റാന്‍ഡിനെ ലഹരി മാഫിയയില്‍ നിന്നും മോചിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തിരുര്‍ ബസ് സ്റ്റാന്‍ഡില്‍ പുതിയ കാമറകള്‍ സ്ഥാപിക്കാന്‍ കമ്ബനിക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കകം പ്രവര്‍ത്തിച്ചു തുടങ്ങുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും.

- കെ.ടി നസീമ (നഗരസഭാ ചെയര്‍പേഴ്സണ്‍)​


Previous Post Next Post

Whatsapp news grup