തിരൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതികളിൽ 15 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച നിറമരുതൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ ചുറ്റുമതിൽ ഉദ്ഘാടനവും 15 ലക്ഷം രൂപ വകയിരുത്തി നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവ്വഹിച്ചു.
നിറമരുതൂർ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കുന്നതിനായി അഞ്ച് ക്ലാസ് റൂമുകൾ, ഹയർ സെക്കണ്ടറി അഡീഷണൽ ബാച്ചിനായി 4 ക്ലാസ് റൂമുകൾ, വിവിധ കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തികൾ, ഹൈസ്കൂൾ, ഹയർസെക്കണ്ടറി ഹൈടെക് സ്റ്റാഫ് റൂം, ഓഫീസ് റൂം തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കിയത്. 5 വർഷം കൊണ്ട് 2 കോടി 22 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നിറമരുതൂർ സ്കൂളിൽ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫിയെ ചടങ്ങിൽ പ്രിൻസിപ്പാൾ ഉപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തമ്മ ടീച്ചർ, ആബിദ പുളിക്കൽ, കെ.ടി. കേശവൻകുട്ടി, എസ്.എം.സി ചെയർമാൻ മുസ്തഫ പൊക്ലാത്ത്, എ. നിയാസി, കെ. ഷൗക്കത്തലി, എം.പി.ടി.എ അംഗങ്ങളായ ഹാജറ, നിഖിത, പ്രിൻസിപ്പാൾ ഇസ്മായിൽ പറമ്പത്ത്, എച്ച്.എം. ശ്യാമകുമാരി, ദാസൻ കുന്നുമ്മൽ, ഷരീഫ് ഹാജി ചാരാത്ത്, കെ.വി. സുരേഷ് ബാബു, പി.ബി. ഷിജു, ഡോ. ഷാജിത ടീച്ചർ, ടി.പി. അബ്ദുല്ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
