സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനിയായ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്നു രാവിലെയാണ് ആദില കോടതിയില്‍ ഹര്‍ജി നല്‍കിയത്.
രാവിലെ തന്നെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പെണ്‍കുട്ടിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയില്‍ വിളിച്ചു വരുത്തി. ചേംബറില്‍വച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.
നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഫാത്തിമ്മയെ കടത്തിക്കൊണ്ടുപോയത്. ഇതിനുപിന്നാലെയാണ് ആദില കോടതിയെ സമീപിച്ചത്. സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലാവുന്നത്.