വളാഞ്ചേരി: എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്നു യുവാക്കള്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. ഇവരുടെ പക്കല്‍നിന്ന് 163ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍ (എം.ഡി.എം.എ) ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച്‌ ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി വരുന്നതിനിടെയാണ് വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വാഹന പരിശോധനക്കിടെ കാറില്‍ വരികയായിരുന്ന യുവാക്കള്‍ പിടിയിലാകുന്നത്. 

വെട്ടിച്ചിറ മുഴങ്ങാണി കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി (30), കൊളത്തൂര്‍ പിത്തിനിപ്പാറ സ്വദേശി മാണിയാടത്തില്‍ ശ്രീശാന്ത് (24), വളാഞ്ചേരി കാട്ടിപ്പരുത്തി പളളിയാലില്‍ സറിന്‍ എന്ന ബാബു (26) എന്നിവരെയാണ് വളാഞ്ചേരി മത്സ്യമൊത്ത വിപണ കേന്ദ്രത്തിനു മുന്നില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്.  പ്രതികള്‍ക്ക് ഇതിന് വേണ്ടി സാമ്ബത്തിക സഹായം നല്‍കിയവരെ കുറിച്ചും പ്രതികള്‍ക്ക് ലഹരി വസ്തു ലഭിച്ച ഉറവിടത്തെപറ്റിയും പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും വരുംദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ നടത്തുമെന്നും ഇന്‍പെക്ടര്‍ പറഞ്ഞു. ആഘോഷ പരിപാടികളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പ്രധാനമായും ഇവര്‍ വില്പന നടത്താറുള്ളത്. 

ഗ്രാമിന് 1,500 രൂപക്ക് വാങ്ങുന്ന മയക്കുമരുന്ന് ഗ്രാമിന് 3,000 രൂപക്കാണ് ആവശ്യക്കാര്‍ക്ക് നല്‍കാറുള്ളത്. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തില്‍ പ്രൊബേഷനറി എസ്.ഐ ഷമീല്‍, സീനിയര്‍ സി.പി.ഒ മോഹനന്‍, സി.പി.ഒമാരായ പ്രദീപ്, വിനീത്, ജോണ്‍സന്‍ തിരൂര്‍ ഡി.വൈ.എസ്.പി. വി. വി ബെന്നിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവരുണ്ടായിരുന്നു.

Previous Post Next Post

Whatsapp news grup