തിരൂര്‍: കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, എം.ഡി.എം.എ തുടങ്ങി ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി നിരവധി ലഹരിമരുന്ന് കേസുകള്‍ പ്രതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുനാവായ കൊടക്കല്‍ അഴകത്ത് കളത്തില്‍ സുധീഷിനെയാണ് (30) കഴിഞ്ഞദിവസം പുലര്‍ച്ച കൊടക്കലില്‍ പൊലീസ് പിടികൂടിയത്.
22 കിലോ കഞ്ചാവ് പിടികൂടിയതില്‍ പാലക്കാട് ജില്ലയിലും അഞ്ച് ഗ്രാം എം.ഡി.എം.എ പിടികൂടിയതില്‍ കൊച്ചി നഗരത്തിലും കേസുകള്‍ നിലവിലുള്ള പ്രതി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. മണല്‍കടത്ത് തൊഴിലായിരുന്ന പ്രതി കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്ബാണ് ലഹരിമരുന്ന് വില്‍പനയിലേക്ക് കടക്കുന്നതെന്നും ഇപ്പോള്‍ കൊച്ചി നഗരത്തിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, ഗ്രേഡ് എസ്.ഐ മുരളി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിജിത്ത്, ഉണ്ണിക്കുട്ടന്‍, ബിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.