ഏലംകുളം : മപ്പാട്ടുകര റെയിൽവേ പാലത്തിൽ നിന്ന് മാനസികാസ്വാസ്ഥ്യമുള്ള മാതാവിന്‍റെ കയ്യില്‍ നിന്നും പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം അഞ്ചു നാളുകൾക്ക് ശേഷം കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിന് സമീപത്തെ തടയണയുടെ വൃഷ്ടി പ്രദേശത്ത് നിന്നും ഇന്ന് ഉച്ചയോടെ കണ്ടെത്തി. കരയോട് ചേർന്ന് ചപ്പുച്ചവറുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

കുഞ്ഞിനെ കാണാതായത് മുതൽ തുടർച്ചയായ നാല് ദിവസങ്ങളിൽ മുങ്ങൽ വിദഗ്‌ദ്ധര്‍ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. ചൊവ്വാഴ്ച രാത്രി 11-ഓടെയാണ് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന 35-കാരിയുടെ കുഞ്ഞിനെ കാണാതായത്. 

രാത്രി വീടിന് സമീപത്തുള്ള മപ്പാട്ടുകര പാലത്തിന് മുകളില്‍ കുഞ്ഞുമായി നില്‍ക്കുമ്പോള്‍ തീവണ്ടി വന്നതോടെ പാലത്തിന്റെ സുരക്ഷിതഭാഗത്തേക്ക് മാറി നില്‍ക്കവേ തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലില്‍ കയ്യില്‍ നിന്ന് കുഞ്ഞ് താഴേക്ക് വീണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. പെരിന്തൽമണ്ണ ഫയര്‍ഫോഴ്സും, പൊലീസും, ട്രോമാ കെയര്‍ യൂണിറ്റുകളും നാല് ദിവസം തിരച്ചില്‍ നടത്തിയിരുന്നു.

Previous Post Next Post

Whatsapp news grup