കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് തങ്ങളുടെ പ്രവര്‍ത്തകനല്ലെന്ന് മുസ്‌ലിം ലീഗ്. ലീഗുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് അബ്ദുള്‍ ലത്തീഫ് എന്ന് എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ അവകാശപ്പെട്ടു.

ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് ഇന്നാണ് കോയമ്ബത്തൂരില്‍ വച്ച് കൊച്ചി പൊലീസന്റെ പ്രത്യേക സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ടിലൂടെയാണ് അബ്ദുള്‍ ലത്തീഫ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പോലിസ് പറയുന്നു. വ്യാജ വീഡിയോ കേസില്‍ തൃക്കാക്കര സ്വദേശികളായ അഞ്ച് പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പോലിസ് പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എംഎല്‍എ എം സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പോലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്. ജോ ജോസഫിനെ സ്വഭാവഹത്യ നടത്തി, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിന് വീഡിയോ പ്രചരിപ്പിച്ചെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു


Previous Post Next Post

Whatsapp news grup