കോട്ടക്കൽ ചട്ടിപ്പറമ്പിൽ കാട്ടുപന്നി വേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പെരിന്തല്‍മണ്ണക്കടുത്ത ചട്ടിപ്പറമ്പില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്കിപ്പറമ്പ് സ്വദേശി കണക്കയില്‍ ഇര്‍ഷാദ് എന്ന സാനുവാണ് മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ അശ്ക്കര്‍ അലി, സനീഷ് എന്നിവര്‍ അപകട ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ച് രക്ഷപ്പെട്ടിരുന്നു.
ഇവരാണ് അറസ്റ്റിലായിട്ടുള്ളത്. ഉന്നം തെറ്റി വെടികൊണ്ടാണ് അപകടമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമം. എന്നാല്‍ അങ്ങിനെയല്ല അപകമെന്നാണ് ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അശ്ക്കര്‍ ആണ് വെടിവെച്ചതെന്ന് കോട്ടക്കല്‍ സി.ഐ എം.കെ ഷാജി പറഞ്ഞു. ഇയാള്‍ കാടനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ തോക്ക് കണ്ടെത്തിയതായും സി.ഐ അറിയിച്ചു.
സ്വകാര്യ വ്യക്തിയുടെ കാട്ടുപന്നി ശല്യമുള്ള മേഖലയില്‍ പന്നിവേട്ടക്ക് പോയതിനിടെയായിരുന്നു അപകടം. പ്രതികളെ ഉടന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതിനായി അന്വേഷണം വ്യാപിപ്പിച്ചു. ഇര്‍ഷാദിന് വെടിയേറ്റ സ്ഥാനം സംബന്ധിച്ച് തുടക്കത്തിലേ പൊലീസിന് സംശയമുണ്ടായിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലയെന്ന ചുരുള്‍ അഴിഞ്ഞത്. പൊലീസ് സംശയങ്ങള്‍ ശരിവെക്കുന്നതായിരുന്നു പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ലഭിച്ച മറുപടികള്‍.