തിരൂർ: നായയെ കിണറ്റിൽനിന്ന് കരകയറ്റാൻ ശ്രമിക്കുന്നതിനിടെ തലയിൽ കല്ലുവീണുമരിച്ച എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗം നിറമരുതൂർ കവുങ്ങപ്പറമ്പിൽ നൗഷാദിന് നാടിന്റെ അന്ത്യാഞ്ജലി. നിറമരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവെച്ച് സഹപ്രവർത്തകരും നാട്ടുകാരുമടക്കം വലിയ ജനക്കൂട്ടം അന്ത്യോപചാരമർപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ട് മൃതദേഹം ജന്മസ്ഥലമായ വള്ളിക്കാത്തിരത്ത് കൊണ്ടുവന്നത്‌. തെയ്യാല-വൈലത്തൂർ റോഡിൽ പറപ്പാറപ്പുറത്ത് മുല്ലഞ്ചേരി മുഹമ്മദിന്റെ ആൾമറയില്ലാത്ത കിണറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദുരന്തം.

കിണറ്റിൽ വീണ നായയെ കയറിൽക്കെട്ടി കയറ്റാനുള്ള ശ്രമത്തിനിടെ നായപിടഞ്ഞതാണ് പ്രശ്നമായത്. ഇതോടെ ആൾമറയില്ലാത്ത കിണറിന്റെ വക്കത്തെ കല്ലിളകി കിണറ്റിനകത്തായിരുന്ന നൗഷാദിന്റെ തലയിൽ വീഴുകയായിരുന്നു. മന്ത്രി വി. അബ്ദുറഹിമാൻ, നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ പുതുശ്ശേരി, പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം നാസർ, പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.വി. സിദ്ദീഖ്, സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി എന്നിവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. 

നായയെ രക്ഷിക്കാൻപോയ രക്ഷാപ്രവർത്തക ഉഷയും മൃതദേഹം കാണാനെത്തി. താനൂർ സി.ഐ. ജീവൻ ജോർജ്, നിറമരുതൂർ ഹൈസ്കൂൾ 1994-ലെ പത്താം ക്ലാസ്ബാച്ച് കൂട്ടായ്മയ്ക്കുവേണ്ടി ബിജിത്ത് ചേങ്ങോട്ട് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.തുടർന്ന് മൃതദേഹം നൗഷാദിന്റെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Previous Post Next Post

Whatsapp news grup