തിരൂരങ്ങാടി: ഇന്നലെ ഉച്ചക്ക് 12.30നാണ് ചെമ്മാട് നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന മിനി ബസ് എതിര്‍ ദിശയില്‍ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചത്. കാലപഴക്കം ചെന്ന പോസ്റ്റ് ഇടിയില്‍ മുറിഞ്ഞു. താനൂര്‍ ഭാഗത്തേക്ക് പത്തോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.
വലിയ അപകടമാണ് ഒഴിവായത്. ഉടന്‍ യാത്രക്കാര്‍ ബസില്‍ നിന്നും ഇറങ്ങി. വൈദ്യുതി പോസ്റ്റ് അര മണിക്കൂറോളം ബസില്‍ തട്ടി റോഡിലേക്ക് വീഴാതെ നിന്നു. തുടര്‍ന്ന് ഇലക്‌ട്രിസിറ്റി ജീവനക്കാര്‍ എത്തിയ ശേഷമാണ് ബസ് റോഡില്‍ നിന്നും മാറ്റിയത്.
റോഡ് സൈഡിലേക്ക് ചെരിഞ്ഞും ആടിയും നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ വേറെയുമുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ചെമ്മാട് പുതിയ ബസ് സ്റ്റാന്‍ഡ് വന്നതോടെ ടൗണില്‍ കഴിഞ്ഞ ദിവസം മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, പരപ്പനങ്ങാടി കുന്നുംപുറം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ആശുപത്രി റോഡ് വഴിയാണ് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത്.