മലപ്പുറം: പ്രാര്‍ഥനയോടെ ശിഹാബ് പുണ്യയാത്ര തുടങ്ങി. വ്യാഴാഴ്ച സുബ്ഹി നമസ്‌കാരത്തിനുശേഷം ദുആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ് നടത്തം തുടങ്ങിയ 29-കാരനായ ശിഹാബിന് ഇനി ഒറ്റ ലക്ഷ്യമേയുള്ളൂ അടുത്ത ഹജ്ജിനുമുമ്പ് മക്കയിലെത്തുക.
വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍നിന്ന് ശിഹാബ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറങ്ങിയത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ സലാം പറഞ്ഞു പിരിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും മറ്റുമാകും.
രാത്രി പരപ്പനങ്ങാടിയില്‍ ആദ്യദിനത്തിലെ യാത്ര സമാപിച്ചു. പരപ്പനങ്ങാടി ജുമാമസ്ജിദില്‍ തങ്ങിയശേഷം വെള്ളിയാഴ്ച വീണ്ടും യാത്ര ആരംഭിക്കും. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്ന് ശിഹാബ് പറഞ്ഞു. നാട്ടില്‍നിന്ന് മക്കയിലേക്ക് 8640 കിലോമീറ്ററുണ്ട്. യാത്രയ്ക്ക് 280 ദിവസമെടുക്കും. അടുത്തവര്‍ഷത്തെ ഹജ്ജ് ആണു ലക്ഷ്യം.
വാഗാ അതിര്‍ത്തിവഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെയാണ് സൗദിയിലെത്തുക. അഞ്ച് രാജ്യങ്ങളുടെയും വിസ യുണ്ട്. സൗദിയില്‍ച്ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.