കോട്ടക്കല്‍ : ചട്ടിപ്പറമ്ബില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി കുന്നപ്പള്ളി കൊല്ലത്ത്പറമ്ബില്‍ അലി അഷ്കര്‍, ചെറുകുളമ്ബ് നെരിങ്ങപറമ്ബില്‍ സുനീഷന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് പൊന്മള ചേങ്ങോട്ടൂര്‍ ആക്കപ്പറമ്ബ് സ്വദേശി കണക്കയില്‍ അലവിയുടെ മകന്‍ ഷാനു എന്ന ഇന്‍ഷാദ് (27) വെടിയേറ്റ് മരിച്ചത്. ഇര്‍ഷാദും അറസ്റ്റിലായ അഞ്ച് പേരും പന്നിവേട്ടക്ക് പോയതായിരുന്നു. അബദ്ധത്തില്‍ വെടികൊണ്ടാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
തുടരന്വേഷണത്തിലാണ് മനഃപൂര്‍വം വെടിവെച്ചതാണെന്ന് കണ്ടെത്തിയത്. ലൈസന്‍സില്ലാത്ത തോക്കുപയോഗിച്ച് അലി അഷ്കറാണ് വെടിവെച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. വയറിന് ഗുരുതര പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.