പരപ്പനങ്ങാടി: ക്യൂ നെറ്റ് കമ്പനിയുടെ പേരിൽ ബിസിനസിൽ പങ്കാളിയാക്കാമെന്നും മാസം തോറും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി ആലിക്കകത്ത് ജംഷാദിനെ (33)നെ യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ചെട്ടിപ്പടി സ്വദേശിയായ ഫൈറൂസ് എന്നയാളിൽ നിന്നും 4,50,000 രൂപ തട്ടിച്ചെന്നാണ് കേസ്.
ചോദ്യം ചെയ്യലിൽ ഇയാൾ Q 1(Q net) കമ്പനിയിലെ അംഗമാണെന്നും മലപ്പുറം ജില്ലയിലെ വിവിധയാളുകളിൽ നിന്നും 100 കോടിക്ക് മുകളിൽ പണം Q1(Q net) കമ്പനി ഈ രീതിയിൽ വാങ്ങിയിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 4000 രൂപ ലാഭവിഹിതം നൽകാം എന്ന ഉറപ്പിലാണ് ഇയാൾ ആളുകളിൽ നിന്നും കമ്പനിക്ക് വേണ്ടി പണം ഡിപ്പോസിറ്റായി വാങ്ങിയിരുന്നത്.
നാളുകൾക്ക് ശേഷവും ലാഭവിഹിതവും മുടക്കിയ പണവും തിരിച്ചു കിട്ടാതെ വന്നപ്പോഴാണ് ചതി മനസിലാക്കി പോലീസിൽ പരാതി നൽകിയത്. പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ, അഡീ.എസ്ഐ സുരേഷ് കുമാർ,
ഇത്തരത്തിൽ പണം കൈവശപ്പെടുത്തിയ ശേഷം കൂടുതൽ ആളുകളെ കമ്പനിയിലേക്ക് ചേർക്കുന്നതിനായി നിസാര വിലയ്ക്കുള്ള വീട്ടുപകരണങ്ങളും കമ്മീഷനായി പണവും ഓഫർ ചെയ്തിരുന്നു. പോലീസുകാരായ അഭിമന്യു, ദിലീപ്, സുധീഷ്, രാഗേഷ്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ഉണ്ടാവുമെന്നും വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതികളുടെ പേരിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസ് പറഞ്ഞു.